അഡ്‌ലെയ്ഡില്‍ 1000 ബോള്‍ നേരിട്ട് കോഹ് ലി; കൂട്ടുകെട്ട് 4000 റണ്‍സ് കടത്തി രോഹിത്തും ധവാനും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2019 03:03 PM  |  

Last Updated: 15th January 2019 03:03 PM  |   A+A-   |  

rohitkohlidha

അഡ്‌ലെയ്ഡ് ഏകദിനത്തില്‍ 47 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടോടെ ഇന്ത്യയ്ക്ക് വേണ്ടി രോഹിത്തും ശിഖര്‍ ധവാനും ചേര്‍ന്ന് നേടുന്ന റണ്‍സ് 4000 പിന്നിട്ടു. ഏകദിനത്തില്‍ 4000 റണ്‍സ് ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പിലൂടെ നേടുന്ന നാലാമത്തെ കൂട്ടരാണ് രോഹിത്തും ധവാനും. 

2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇരുവരും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്ത് തുടങ്ങിയത്. പിന്നിടങ്ങോട്ട് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് കൂട്ടുകെട്ടായി മാറാന്‍ ഇവര്‍ക്കായി. ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് റണ്‍സ് നാലായിരം കടത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണിങ് ജോഡികളാണ് രോഹിത്തും ധവാനും. 

രോഹിത്-ധവാന്‍ ഓപ്പണിങ് ജോഡി രൂപപ്പെട്ടതോടെ ഇവരുടെ കരിയറിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. 2013 വരെ അഞ്ച് സെഞ്ചുറിയാണ് ധവാന്‍ നേടിയത് എങ്കില്‍ 2018ലേക്ക് എത്തിയപ്പോള്‍ ധവാന്റെ സെഞ്ചിറിയുടെ എണ്ണം 15ലേക്കെത്തി. 25 അര്‍ധ ശതകങ്ങളും. രോഹിത്തിന്റേതാവട്ടെ തകര്‍പ്പന്‍ മുന്നേറ്റമായിരുന്നു. 2013ന് മുന്‍പ് രണ്ട് സെഞ്ചുറിയായിരുന്നു രോഹിത് നേടിയത്. ഇപ്പോള്‍ രോഹിത്തിന്റെ പേരില്‍ 22 സെഞ്ചുറിയുണ്ട്. മൂന്ന് ഡബിള്‍ സെഞ്ചുറിയും.

സച്ചിനും ഗാംഗുലിയുമാണ് 6609 റണ്‍സോടെ ഓപ്പണിങ്ങിലെ റണ്‍വേട്ടയില്‍ ഒന്നാമത്. 1996 മുതല്‍ 2007 വരെ ഇവരായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. 21 വട്ടം സച്ചിനും ഗാംഗുലിയും ചേര്‍ന്ന് കൂട്ടുകെട്ട് 100 റണ്‍സിന് മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍, 23 വട്ടമാണ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തത്. സച്ചിനും ഗാംഗുലിക്കും പിന്നില്‍ ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ കൂട്ടുകെട്ടാണ്. 114 ഇന്നിങ്‌സില്‍ നിന്നും 5372 റണ്‍സാണ് ഓപ്പണിങ്ങില്‍ ഇറങ്ങി ഇവര്‍ ഓസീസിന് വേണ്ടി അടിച്ചു കൂട്ടിയത്. വിന്‍ഡിസ് താരങ്ങളായ ഗോര്‍ഡന്‍-ഡെസ്‌മോണ്ട് കൂട്ടുകെട്ടാണ് മൂന്നാം സ്ഥാനത്ത്. 102 ഇന്നിങ്‌സില്‍ നിന്നും 5150 റണ്‍സാണ് ഇവര്‍ നേടിയത്.  

അഡ്‌ലെയ്ഡില്‍ കോഹ് ലി നേരിടുന്ന ഡെലിവറുകളുടെ എണ്ണം രണ്ടാം ഏകദിനത്തോടെ 1000 പിന്നിടുകയും ചെയ്തു. ഇവിടെ കോഹ് ലി നാല് സെഞ്ചുറികളും നേടിയിട്ടുണ്ട്. കോഹ് ലി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിരിക്കുന്നതും അഡ്‌ലെയ്ഡില്‍ തന്നെ.