അഡ്‌ലെയ്ഡിനോട് കോഹ് ലിക്ക് പ്രേമം തന്നെ, നായകന് സെഞ്ചുറി; ജയത്തോട് അടുത്ത് ഇന്ത്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2019 04:02 PM  |  

Last Updated: 15th January 2019 04:15 PM  |   A+A-   |  

kohli89ed

അഡ്‌ലെയ്ഡ് തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടെന്ന് വീണ്ടും തെളിയിച്ച് കോഹ് ലി. പ്രിയപ്പെട്ട ഗ്രൗണ്ടില്‍ വീണ്ടും ഇന്ത്യന്‍ നായകന് സെഞ്ചുറി.  109 ബോളില്‍ നിന്നും 5 ബൗണ്ടറിയും 2 സിക്‌സും പറത്തിയാണ് കോഹ് ലി സെഞ്ചുറി കുറിച്ചത്. അഡ്‌ലെയ്ഡില്‍ ഇത് കോഹ് ലിയുടെ അഞ്ചാം സെഞ്ചുറിയാണ്. 

സിഡ്‌നിയില്‍ പരാജയപ്പെട്ടുവെങ്കിലും, തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടായ അഡ്‌ലെയ്ഡില്‍ മൂന്നക്കം കടന്ന് കോഹ് ലി ചെയ്‌സിങ്ങില്‍ ഇന്ത്യയ്ക്ക് ശക്തി പകര്‍ന്നു. ഇത് കോഹ് ലിയുടെ 39ാം ഏകദിന സെഞ്ചുറിയാണ്. ഓസീസിനെതിരെ ആറാമത്തേതും.ചെയ്‌സ് ചെയ്യുന്നതിനിടെ നേടുന്ന 24ാമത്തെ സെഞ്ചുറിയും.
തകര്‍ത്തു കളിച്ച ധവാന്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കോഹ് ലി പതിയെയാണ് തുടങ്ങിയത്. പക്ഷേ അര്‍ധ ശതകം പിന്നിട്ടതിന് ശേഷം ലിയോണിനേയും ബെഹ്‌റന്‍ഡോര്‍ഫിനേയും സിക്‌സ് പറത്തിയ കോഹ് ലി, ബൗണ്ടറികളിലൂടേയും സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. 

ലോങ് ഓണിന് മുകളിലൂടെയായിരുന്നു ബെഹ്‌റന്‍ഡോര്‍ഫിനെ കോഹ് ലി പറത്തിയത്. ലിയോണിനെ ബൗളേഴ്‌സ് എന്‍ഡിലൂടെ മാക്‌സിമം പറത്തി. 94.06 ആണ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ കോഹ് ലിയുടെ ബാറ്റിങ് ആവറേജ്. സ്പിന്നിനെതിരെ 81 എന്ന ബാറ്റിങ് ശരാശരിയും, പേസര്‍മാര്‍ക്കെതിരെ 104 എന്നതുമാണ് ഇവിടെ ഹൈലൈറ്റ്. 2015 ലോക കപ്പിന് ശേഷം 36 ഓവറിന് ശേഷം 7.73 റണ്‍ റേറ്റിലാണ് കോഹ് ലി ബാറ്റേന്തിയിരിക്കുന്നത്. കോഹ് ലിക്ക് കൂട്ടായി ധോനിയാണ് ഇപ്പോള്‍ ക്രീസില്‍. കളി 42 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 232 റണ്‍സാണ്.