ഇന്ത്യയ്ക്ക് 299 റണ്‍സ് വിജയ ലക്ഷ്യം; ഭുവിക്ക് നാല് വിക്കറ്റ്, ചെണ്ടയായി സിറാജ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2019 12:46 PM  |  

Last Updated: 15th January 2019 12:56 PM  |   A+A-   |  

bhuvisfd

അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്ക് 299 റണ്‍സിന്റെ വിജയ ലക്ഷ്യം. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 298 റണ്‍സ് എടുത്തു. ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറിയും, മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഓസിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

123 പന്തില്‍ നിന്നും 11 ഫോറും, മൂന്ന് സിക്‌സും പറത്തിയായിരുന്നു ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി. മാര്‍ഷിന്റെ ഏഴാം ഏകദിന സെഞ്ചുറിയാണ് ഇത്. ഇന്ത്യക്കെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകളിലൊന്നും ഒരു ഓസീസ് താരം സെഞ്ചുറി നേടിയിരുന്നില്ല. ഓസീസിന്റെ കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകളില്‍ നിന്നും മാര്‍ഷ് നേടുന്ന നാലാം സെഞ്ചുറിയാണ് ഇത്. സ്മിത്തിന്റേയും, വാര്‍ണറുടേയും അഭാവത്തില്‍ ആ കുറവ് നികത്താന്‍ ഏകദിനത്തിന്‍ മാര്‍ഷിനാവുന്നു. 

മാക്‌സ്വെല്‍ 37 ബോളില്‍ നിന്നും 48 റണ്‍സ് നേടി. അഞ്ച് ഫോറും ഒരു സിക്‌സുമാണ് മാക്‌സ്വല്‍ പറത്തിയത്. വാലറ്റത്ത് അഞ്ച ബോളില്‍ നിന്നും ഒരു ഫോറും ഒരു സിക്‌സും പറത്തി നഥാന്‍ ലിയോണ്‍ ഓസീസ് സ്‌കോര്‍ 298ലേക്ക് എത്തിച്ചു. മുന്നൂറിന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിച്ച ഓസ്‌ട്രേലിയയെ കുഴക്കിയത് ഭൂവിയാണ്. മൂന്ന് ബോളിനിടെ മാക്‌സ്വെല്ലിന്റേയും മാര്‍ഷിന്റേയും വിക്കറ്റ് വീഴ്ത്തി ഭുവിയാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി മൂന്ന് വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന് മികച്ച കളി പുറത്തെടുക്കാനായില്ല. പത്ത് ഓവറില്‍ 76 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉയര്‍ന്ന ഇക്കണോമി റേറ്റും സിറാജിന്റേത് തന്നെ. കുല്‍ദീപിനേയും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ പ്രഹരിച്ചു. 10 ഓവറില്‍ 66 റണ്‍സാണ് കുല്‍ദീപ് വഴങ്ങിയത്. 

ഓസീസ് ഇന്നിങ്‌സില്‍ ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങിയിരുന്നു. ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങിയെങ്കിലും ഓസീസ് മധ്യനിരയില്‍ മൂന്ന് പാര്‍ട്ണര്‍ഷിപ്പുകളാണ് 50 പിന്നിട്ടത്. ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് 56 റണ്‍സ് കൂട്ടുകെട്ടും, ഷോണ്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കോമ്പും ചേര്‍ന്ന് 52 റണ്‍സ് കൂട്ടുകെട്ടും, ഷോണ്‍ മാര്‍ഷും സ്‌റ്റോയ്‌നിസും ചേര്‍ന്ന് 55 റണ്‍സ് പാര്‍ട്ണര്‍ഷിപ്പും തീര്‍ത്തു.

മാര്‍ഷ് ഒരറ്റത്ത് ഉറച്ചു നിന്നുവെങ്കിലും മറ്റ് താരങ്ങള്‍ 50 റണ്‍സ് കൂട്ടുകെട്ട് എന്ന സംഖ്യ പിന്നിട്ടതിന് തൊട്ടുപിന്നാലെ വിക്കറ്റ് നല്‍കി മടങ്ങി.കളിയുടെ തുടക്കത്തില്‍ തന്നെ ഓസീസ് ഓപ്പണര്‍മാരെ ഇന്ത്യന്‍ പേസര്‍മാര്‍ മടക്കിയിരുന്നു. ആറാം ഓവറില്‍ തന്നെ ആരോണ്‍ ഫിഞ്ചിന്റെ കുറ്റി മനോഹരമായി ഭുവി തെറിപ്പിച്ചപ്പോള്‍, കെയ്‌റേയെ മുഹമ്മദ് ഷമി ധവാന്റെ കൈകളിലേക്ക് എത്തിച്ചു. ഉസ്മാന്‍ ഖവാജയെ ജഡേജ റണ്‍ഔട്ടാക്കി.ക്വിക്ക് സിംഗിളിന് ശ്രമിച്ച ഖവാജയെ ഡയറക്ട് ഹിറ്റില്‍ ജഡേജ മടക്കുകയായിരുന്നു.

ധോനിയുടെ കിടിലന്‍ സ്റ്റംപിങ്ങില്‍ ഹാന്‍ഡ്‌സ്‌കോമ്പും മടങ്ങി. തുടര്‍ച്ചയായി ബൗണ്ടറി വഴങ്ങിയതിന് ശേഷമായിരുന്നു സ്‌റ്റൊയ്‌നിസിന്റെ വിക്കറ്റ് ഷമി എടുത്തത്. ഷമിയുടെ ഔട്ട്‌സൈഡ് ഓഫ് ഡെലിവറി സ്‌റ്റൊയ്‌നിസ് പുള്‍ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും ബാറ്റില്‍ എഡ്ജ് ചെയ്ത് പന്ത് ധോനിയുടെ കൈകളിലേക്കെത്തി.