ധോനിയുടെ തകര്‍പ്പന്‍ ഫിനിഷില്‍ ഇന്ത്യ; അഡ്‌ലെയ്ഡില്‍ ആറ് വിക്കറ്റ് ജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2019 04:52 PM  |  

Last Updated: 15th January 2019 05:03 PM  |   A+A-   |  

dhonie4

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. ബൗള്‍ ചെയ്യാനെത്തിയത് ബെഹ്‌റെന്‍ഡോര്‍ഫ്. ഓവറിലെ ആദ്യ ബോള്‍ തന്നെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ ലോങ് ഓണിന് മുകളിലൂടെ ധോനി പറത്തി. സിഡ്‌നിയിലെ തുഴച്ചിലിന് ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം കേട്ട പഴിക്കെല്ലാം അഡ്‌ലെയ്ഡില്‍ ധോനിയുടെ തകര്‍പ്പന്‍ മറുപടി. ഒടുവില്‍ വൈഡ് മിഡ് ഓണിലേക്ക് സിംഗിള്‍ എടുത്ത് വിജയ റണ്ണും ധോനിയുടെ ബാറ്റില്‍ നിന്നും, ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയവും. ഇതോടെ മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പത്തിനൊപ്പമെത്തി. 

അവസാന രണ്ട് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. 48ാം ഓവറില്‍ ആദ്യ ഡെലിവറികള്‍ സിംഗിളും ഡബിളുമെടുത്ത് ധോനിയും കാര്‍ത്തിക്കും ചേര്‍ന്ന് ഒപ്പിച്ചത് 9 റണ്‍സ്. ഒടുവില്‍ ആറ് ബോളില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക്  ഏഴ് വേണ്ടിയിടത്ത് വീണ്ടും ധോനിയുടെ ഫിനിഷിങ് മാജിക്. ഒരു ഫോര്‍ പോലും കടത്താതെയാണ് ധോനിയുടെ ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് 100ന് മുകളില്‍ നിര്‍ത്തിയതോടെയും ഇനി ധോനിയെ കുറ്റം പറയാനാവില്ല. 

സെഞ്ചുറിയുമായി കോഹ് ലി ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു. 112 ബോളില്‍ നിന്നും അഞ്ച് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ കോഹ് ലി 104 റണ്‍സ് എടുത്തു. റിച്ചാര്‍ഡ്‌സന്റെ ഡെലിവറിയിലെ കോഹ് ലിയുടെ ഫ്‌ലിക് ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മാക്‌സ്വെല്ലിന്റെ കൈകളിലേക്ക് സുരക്ഷിതമായി എത്തി. സെഞ്ചുറിയടിച്ചതിന് പിന്നാലെ വന്ന നായകന്റെ അശ്രദ്ധയോടെ കോഹ് ലിയും ധോനിയും ചേര്‍ന്ന് തീര്‍ത്ത 82 റണ്‍സിന്റെ കൂട്ടുകെട്ടും തകര്‍ന്നു. 

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമായിരുന്നു ശിഖര്‍ ധവാന്‍ നല്‍കിയത്. എന്നാല്‍ 32 റണ്‍സില്‍ നില്‍ക്കെ ബെഹ്‌റെന്‍ഡോര്‍ഫ് ധവാന്റെ കുതിപ്പിന് തടയിട്ടു. 28 ബോളില്‍ നിന്നും അഞ്ച് ഫോറായിരുന്നു ആ സമയം ധവാന്‍ അടിച്ചിരുന്നത്. ധവാന്‍ തകര്‍ത്ത് കളിക്കുമ്പോള്‍ നോക്കി നിന്ന രോഹിത്, ധവാന്റെ മടക്കത്തിന് പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍ 43 റണ്‍സില്‍ എത്തി നില്‍ക്കെ സ്‌റ്റൊയ്‌നിസ് രോഹിത്തിനെ ഹാന്‍ഡ്‌സ്‌കോമ്പിന്റെ കൈകളിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ റായിഡുവിനും കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ കോഹ് ലിക്കൊപ്പം ധോനിയും പിടിച്ചു നിന്നതോടെ ഇന്ത്യ വലിയ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. 

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്ക് ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറിയും, മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 123 പന്തില്‍ നിന്നും 11 ഫോറും, മൂന്ന് സിക്‌സും പറത്തിയായിരുന്നു ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി. മാര്‍ഷിന്റെ ഏഴാം ഏകദിന സെഞ്ചുറിയാണ് ഇത്. ഇന്ത്യക്കെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകളിലൊന്നും ഒരു ഓസീസ് താരം സെഞ്ചുറി നേടിയിരുന്നില്ല. ഓസീസിന്റെ കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകളില്‍ നിന്നും മാര്‍ഷ് നേടുന്ന നാലാം സെഞ്ചുറിയാണ് ഇത്. സ്മിത്തിന്റേയും, വാര്‍ണറുടേയും അഭാവത്തില്‍ ആ കുറവ് നികത്താന്‍ ഏകദിനത്തിന്‍ മാര്‍ഷിനാവുന്നു.

മാക്‌സ്വെല്‍ 37 ബോളില്‍ നിന്നും 48 റണ്‍സ് നേടി. അഞ്ച് ഫോറും ഒരു സിക്‌സുമാണ് മാക്‌സ്വല്‍ പറത്തിയത്. വാലറ്റത്ത് അഞ്ച ബോളില്‍ നിന്നും ഒരു ഫോറും ഒരു സിക്‌സും പറത്തി നഥാന്‍ ലിയോണ്‍ ഓസീസ് സ്‌കോര്‍ 298ലേക്ക് എത്തിച്ചു. മുന്നൂറിന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിച്ച ഓസ്‌ട്രേലിയയെ കുഴക്കിയത് ഭൂവിയാണ്. മൂന്ന് ബോളിനിടെ മാക്‌സ്വെല്ലിന്റേയും മാര്‍ഷിന്റേയും വിക്കറ്റ് വീഴ്ത്തി ഭുവിയാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി മൂന്ന് വിക്കറ്റും ജഡേജ ഒരു വിക്കറ്റും നേടി. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന് മികച്ച കളി പുറത്തെടുക്കാനായില്ല. പത്ത് ഓവറില്‍ 76 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉയര്‍ന്ന ഇക്കണോമി റേറ്റും സിറാജിന്റേത് തന്നെ. കുല്‍ദീപിനേയും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ പ്രഹരിച്ചു. 10 ഓവറില്‍ 66 റണ്‍സാണ് കുല്‍ദീപ് വഴങ്ങിയത്.