രഞ്ജിയില്‍ സെമി ബെര്‍ത്ത് പ്രതീക്ഷയുമായി കേരളം ഇന്നിറങ്ങുന്നു ; എതിരാളി ഗുജറാത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2019 08:08 AM  |  

Last Updated: 15th January 2019 08:08 AM  |   A+A-   |  


വയനാട് : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെമി ബെര്‍ത്ത് പ്രതീക്ഷയുമായി കേരളം ഇന്നിറങ്ങുന്നു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ഗുജറാത്താണ് എതിരാളികള്‍. ബാറ്റിംഗിലും ബൗളിംഗിലും കരുത്ത് തെളിയിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞ മല്‍സരത്തില്‍ ഹിമാചലിനെതിരെ  അതിശയകരമായ വിജയം നേടിയാണ് കേരളം തുടര്‍ച്ചയായ രണ്ടാം വട്ടവും ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. 

കരുത്തുറ്റ പേസ് നിരയാണ് കേരളത്തിന്റെ കരുത്ത്. കേരളത്തിന്റെ പ്രകടനങ്ങളില്‍ നെടുന്തൂണായ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ പരുക്ക് മാത്രമാണ് കേരളത്തിന് തലവേദന. ജലജിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ ഇന്ന് രാവിലെ തീരുമാനമെടുക്കും. ബാറ്റിംഗ് നിരയും ഇതിനകം കരുത്ത് തെളിയിച്ചു കഴിഞ്ഞു. 

പേസ് ബൗളിംഗിനെ തുണയ്ക്കുന്ന കൃഷ്ണഗിരിയിലെ പിച്ചില്‍ അത്ഭുതക്കുതിപ്പ് തുടരാനാകുമെന്ന വിശ്വാസത്തിലാണ് സച്ചിന്‍ബേബിലും സംഘവും. ഓസ്‌ട്രേലിയക്കാരനായ ഡേവ് വാറ്റ്‌മോറാണ് കേരളത്തിന്റെ പരിശീലകന്‍. അതേസമയം കരുത്തുറ്റ ബാറ്റിംഗ് നിരയിലും സ്പിന്നര്‍മാരിലുമാണ് ഗുജറാത്തിന്റെ പ്രതീക്ഷ. ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേലും ഗുജറാത്ത് നിരയിലുണ്ട്. മല്‍സരം രാവിലെ ഒമ്പതു മണിയ്ക്ക് ആരംഭിക്കും.