ധോനി ആ തീരുമാനം വ്യക്തമാക്കുകയാണ്, 2019ലെ ആദ്യ രണ്ട് കളിയിലും കണ്ടത് ആ തീരുമാനം തന്നെ!

രണ്ട് സിക്‌സിന്റെ അകമ്പടിയോടെ 101 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തി ധോനി ഇന്ത്യയെ നിര്‍ണായക ജയത്തിലേക്ക് എത്തിച്ചു. തീരെ എളുപ്പമായിരുന്നില്ല അത്
ധോനി ആ തീരുമാനം വ്യക്തമാക്കുകയാണ്, 2019ലെ ആദ്യ രണ്ട് കളിയിലും കണ്ടത് ആ തീരുമാനം തന്നെ!

2018ല്‍ ധോനി കേട്ട പഴികള്‍ക്ക് കണക്കില്ല. സൗത്ത് ആഫ്രിക്കന്‍, ഇംഗ്ലണ്ട് പര്യടനങ്ങള്‍ തുടങ്ങി, ധോനിയുടെ തുഴച്ചിലായിരുന്നു ആരാധകരെ നിരാശപ്പെടുത്തിയത്. ടീമിന് ബാധ്യതയാണ്, ലോക കപ്പ് ടീമില്‍ കളിപ്പിക്കരുത് എന്നുള്‍പ്പെടെ മുറവിളികള്‍ ശക്തമായി ഉയര്‍ന്നു. 2018 പിന്നിട്ട്, 2019ലെ ആദ്യ ഏകദിനം ഇന്ത്യ സിഡ്‌നിയില്‍ കളിച്ചപ്പോഴും ധോനിക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ തുടര്‍ന്നു. 

നാല് റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിടത്ത് നിന്ന്, വലിയ തകര്‍ച്ചയുടെ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചെടുത്തുവെന്ന ആനുകൂല്യമൊന്നും സിഡ്‌നിയിലെ കളിക്ക് പിന്നാലെ ആരാധകര്‍ നല്‍കിയില്ല. പക്ഷേ 2019ല്‍ ധോനി റണ്‍സ് കണ്ടെത്തുകയാണ്. സിഡ്‌നിയിലെ അര്‍ധ ശതകത്തിന് പിന്നാലെ ഇപ്പോള്‍ അഡ്‌ലെയ്ഡിലും സ്‌കോര്‍ 50 കടത്തി. 

സിഡ്‌നിയിലെ ധോനിയുടെ സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ചവര്‍ക്ക് അഡ്‌ലെയ്ഡിലെത്തുമ്പോള്‍ മിണ്ടാട്ടമുണ്ടാവില്ല. ഒരു ബൗണ്ടറി പോലും പറത്താതെ, രണ്ട് സിക്‌സിന്റെ അകമ്പടിയോടെ 101 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തി ധോനി ഇന്ത്യയെ നിര്‍ണായക ജയത്തിലേക്ക് എത്തിച്ചു. തീരെ എളുപ്പമായിരുന്നില്ല അത്. അഡ്‌ലെയ്ഡിലെ രണ്ടാമത്തെ വലിയ ചെയ്‌സിങ്ങായിരുന്നു അത്. അഡ്‌ലെയ്ഡില്‍ ഇന്ത്യ എത്ര വട്ടം ജയം പിടിച്ചുവെന്ന ചരിത്രവും ധോനിയുടെ വിമര്‍ശകരുടെ വായടപ്പിക്കും.  മാത്രമല്ല, അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ അവസാനം ജയിക്കുന്നത് 2012 ഫെബ്രുവരിയിലാണ്. അന്നും ഒരു ബൗണ്ടറി പോലും പറത്താതെ, ധോനിയുടെ ഫിനിഷിങ് തന്നെയായിരുന്നു ഇന്ത്യയെ ജയത്തിലേക്കെത്തിച്ചത്. 

ജയത്തിലേക്കെത്തിച്ച റണ്‍ ചേസുകളിലെ ബാറ്റിങ് ആവറേജില്‍ ഒന്നാമന്‍ ധോനിയാണ്. 99.85 ബാറ്റിങ് ശരാശരിയിലാണ് ധോനി ഒന്നാമത് നില്‍ക്കുന്നത്. 99.04 ആണ് കോഹ് ലിയുടേത്. പിന്നെ, മറ്റൊരു വിക്കറ്റ് കീപ്പറിനും അവകാശപ്പെടുവാനാകാത്ത വിക്കറ്റിന് പിന്നിലെ വേഗതയും, റണ്‍ എടുക്കുമ്പോഴുള്ള വിക്കറ്റിന് ഇടയിലെ വേഗതയും ലോക കപ്പിനായി എന്തിന് ധോനി ഇംഗ്ലണ്ടിലേക്ക് പറക്കണം എന്നതിന് ഉത്തരമാണ്. 49ാം ഓവറിലെ അഞ്ചാമത്തെ ഡെലിവറി ഡീപ്പ് ഫൈനല്‍ ലെഗിലേക്ക് കാര്‍ത്തിക് അടിച്ചപ്പോള്‍ അവിടെ മൂന്ന് റണ്‍സ് എന്നത് സാധ്യമാക്കിയത് ധോനിയുടെ വേഗതയായിരുന്നു. 

പത്ത് വര്‍ഷം മുന്‍പുള്ള ധോനിയല്ല ഇതെന്നത് സത്യം. പക്ഷേ ഇപ്പോഴത്തെ ഞാനും ടീമിന് മുതല്‍ക്കൂട്ട് തന്നെയെന്ന് ധോനി തെളിയിക്കുന്നു. എന്തായാലും ധോനിയുടെ ഫിനിഷിങ് ആരാധകര്‍ ആഘോഷിച്ചു തുടങ്ങി. ഒരിടവേളയ്ക്ക് ശേഷം ധോനിയുടെ ആരാധകര്‍ക്കെല്ലാം ആര്‍മാദിക്കുവാനുള്ള ദിവസവും എത്തി. സമൂഹമാധ്യമങ്ങളില്‍ വിന്റാജേ ധോനി പോസ്റ്റുകളാണ് ഇപ്പോള്‍ നിറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com