മാഞ്ചസ്റ്ററിലെ മികച്ച ടീം ഏതാണ്? കൊമ്പുകോര്‍ത്ത് യുവിയും പീറ്റേഴ്‌സനും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2019 10:34 AM  |  

Last Updated: 15th January 2019 10:34 AM  |   A+A-   |  

yuvipte

ഉയര്‍ത്തെഴുന്നേറ്റ് വരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പ്രശംസിക്കുന്നവരെ കളിയാക്കിയായിരുന്നു ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റ്. പക്ഷേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനായ യുവരാജ് സിങ്ങിന് അത് കണ്ട് മിണ്ടാതിരിക്കാനായില്ല. ഒടുവില്‍ മാഞ്ചസ്റ്ററിലെ മികച്ച ടീം ഏത് എന്ന് പറഞ്ഞ് ഇരുവരും തമ്മില്‍ ട്വിറ്ററില്‍ കൊമ്പുകോര്‍ക്കുന്നതാണ് ആരാധകര്‍ കണ്ടത്. 

മൗറിഞ്ഞോ പോയതിന് ശേഷം തകര്‍പ്പന്‍ കളിയുമായിട്ടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വരവ്. ടോട്ടന്‍ഹാമിനേയും പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം തോല്‍പ്പിച്ചതോടെ ആരാധകര്‍ക്ക് ആവേശം നിയന്ത്രിക്കാനാവാതെയായി. മാഞ്ചസ്റ്റര്‍ ആരാധകരുടെ ഈ സന്തോഷമെല്ലാം കണ്ടായിരുന്നു പീറ്റേഴ്‌സന്റെ പരിഹാസം. ട്വിറ്റര്‍ കണ്ടാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗും, ചാമ്പ്യന്‍സ് ലീഗും ജയിക്കുന്നു എന്ന് തോന്നും എന്നായിരുന്നു പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചത്. 

ടോപ് ഫോറില്‍ പോലും അവരിപ്പോള്‍ ഇല്ല. മാഞ്ചസ്റ്ററിലെ രണ്ടാമത്തെ മികച്ച ടീമാണ് നിങ്ങള്‍ എന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. ഇതിന് മറുപടിയുമായിട്ടാണ് യുവി എത്തിയത്. ചില സത്യങ്ങള്‍ എപ്പോഴും വേദനിപ്പിക്കും എന്നായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇപ്പോഴത്തെ ഫോമിനെ കുറിച്ചുള്ള വാര്‍ത്തകളെ  ചൂണ്ടി യുവി പറഞ്ഞത്. പീറ്റേഴ്‌സന്‍ ഇവിടം കൊണ്ടും വിട്ടില്ല. 

ഏതാണ് മാഞ്ചസ്റ്ററിലെ മികച്ച ടീം എന്നായി യുവിയോട് പീറ്റേഴ്‌സന്റെ ചോദ്യം. നിലവിലെ ഫോം വെച്ചാണോ, അതോടെ നേടിക്കൂട്ടിയ ചാമ്പ്യന്‍ഷിപ്പിന്റെ കണക്ക് വെച്ചാണോ മികച്ച് ടീം ഏതെന്ന് പറയേണ്ടത് എന്നായി യുവി. ജീവിക്കുന്ന ഈ നിമിഷം എന്നായിരുന്നു പീറ്റേഴ്‌സന്റെ മറുപടി. ഇരു ക്രിക്കറ്റ് താരങ്ങളുടേയും ഫുട്‌ബോള്‍ പോര് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.