രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍; ഗുജറാത്ത് ഏറില്‍ തകര്‍ന്ന് കേരളം, 185ന് പുറത്ത്‌

നിര്‍ണായക ഘട്ടങ്ങളില്‍ കേരളത്തിന് തുണയാവാറുള്ള സക്‌സേനയ്ക്കും ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്‌സില്‍ തിളങ്ങാനായില്ല
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍; ഗുജറാത്ത് ഏറില്‍ തകര്‍ന്ന് കേരളം, 185ന് പുറത്ത്‌

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ കേരളം ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സിന് ഓള്‍ ഔട്ട്. 37 റണ്‍സ് നേടിയ ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. നിര്‍ണായക ഘട്ടങ്ങളില്‍ കേരളത്തിന് തുണയാവാറുള്ള സക്‌സേനയ്ക്കും ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. 

നഗസ്വല്ലയുടെ ഡെലിവറിയില്‍ സഞ്ജു റിട്ടയര്‍ഡ് ഹര്‍ട്ടായതും കേരളത്തിന് തിരിച്ചടിയായിരുന്നു. ഓപ്പണര്‍മാരായ പൂനം രാഹുലും, മുഹമ്മദ് അസ്ഹറുദ്ധീനും ഭേദപ്പെട്ട തുടക്കമായിരുന്നു കേരളത്തിന് നല്‍കിയത്. അടിച്ചു കളിച്ച ഇരുവരും കൂടുതല്‍ റണ്‍സും കണ്ടെത്തിയത് ബൗണ്ടറിയില്‍ നിന്നായിരുന്നു. പൂനം രാഹുല്‍ സ്‌കോര്‍ ചെയ്ത 26 റണ്‍സില്‍ 20 റണ്‍സും ബൗണ്ടറി വഴിയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ധീന്‍ 17 റണ്‍സ് സ്‌കോര്‍ ചെയ്തതില്‍ 16 റണ്‍സും ബൗണ്ടറിയിലൂടെ വന്നു.

സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താനാവാതെ ഓപ്പണര്‍മാര്‍ മടങ്ങിയതിന് പിന്നാലെ എട്ട് റണ്‍സ് എടുത്ത് നില്‍ക്കെ സിജിമോന്‍ ജോസഫിനേയും കേരളത്തിന് നഷ്ടമായി. സച്ചിന്‍ ബേബി ഡക്കാവുകയും ചെയ്തു. ബൗണ്ടറിയടിച്ചായിരുന്നു സഞ്ജുവിന്റെ തുടക്കം. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കളിക്കളം വിടേണ്ടി വന്നു.

എന്നാല്‍ നാല് വിക്കറ്റ് വീഴ്ത്തി ഗുജറാത്തിന്റെ ഗജയും, മൂന്ന് വിക്കറ്റ് വീഴ്ത്തി നാഗ്വസ്വല്ലയും കേരളത്തെ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തുന്നതില്‍ നിന്നും തടഞ്ഞു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നിന്ന കേരളത്തെ രണ്ടാം സെഷന്‍ ആയപ്പോഴേക്കും ഗുജറാത്ത് തകര്‍ത്തു വിട്ടു. ഗുജറാത്തിനെ കുറഞ്ഞ സ്‌കോറില്‍ ചുരുട്ടിക്കെട്ടാന്‍ കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് സാധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com