വീടിന് പുറത്തേക്കിറങ്ങാതെ, ഫോണ്‍ കോളുകള്‍ അവഗണിച്ച് ഹര്‍ദിക്; ഇന്ത്യയുടെ ചെയ്‌സിങ് കണ്ടതായി ഹര്‍ദിക്കിന്റെ പിതാവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2019 04:20 PM  |  

Last Updated: 16th January 2019 04:20 PM  |   A+A-   |  

hardik4

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ സസ്‌പെന്‍ഷന് വിധേയമായി നാട്ടിലേക്ക് തിരിച്ചെത്തിയതിന് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ, ഫോണ്‍ കോളുകള്‍ അവഗണിച്ച് ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. പൂര്‍ണ വിശ്രമത്തിലാണ് ഹര്‍ദിക് എങ്കിലും അഡ്‌ലെയ്ഡിലെ ഇന്ത്യയുടെ റണ്‍ ചെയ്‌സ് ഹര്‍ദിക് കണ്ടതായി താരത്തിന്റെ പിതാവ് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. ഫോണ്‍ കോളുകളോടും പ്രതികരിക്കുന്നില്ല. ഗുജറാത്തില്‍ ഇത് ആഘോഷത്തിന്റെ സമയമാണ്, പക്ഷേ പട്ടം പറത്തുവാനൊന്നും ഹര്‍ദിക് ഇറങ്ങിയില്ല. പട്ടം പറത്തുവാന്‍ ഹര്‍ദിക്കിന് വളരെ ഇഷ്ടമാണ്. എന്നാല്‍ ക്രിക്കറ്റിലെ തിരക്കുകള്‍ കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിനൊന്നും സാധിച്ചിരുന്നില്ല. 

എന്നാല്‍ ഇത്തവണ അതിനൊരു അവസരം വന്നു. പക്ഷേ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ആഘോഷിക്കുവാനുള്ള മാനസീകാവസ്ഥ ഉണ്ടായിരുന്നില്ലെന്നും ഹര്‍ദിക്കിന്റെ പിതാവ് ഹിമാന്‍ഷു പറഞ്ഞു. വിവാദമായ വിഷയം വീട്ടില്‍ ഇതുവരെ സംസാരിച്ചിട്ടില്ല. ആ വിഷയത്തെ കുറിച്ച് ഹര്‍ദിക്കിനോട് സംസാരിക്കേണ്ടതില്ല എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. ക്രുനാലും ഹര്‍ദിക്കിനോട് ആ ചാറ്റ് ഷോയെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. ബിസിസിഐയുടെ തീരുമാനത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോയ്ക്കിടയിലായിരുന്നു ഹര്‍ദിക്കിന്റേയും രാഹുലിന്റേയും വിവാദ പരാമര്‍ശങ്ങള്‍. ആദ്യമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട കാര്യമുള്‍പ്പെടെ മാതാപിതാക്കളോട് സംസാരിച്ചുവെന്നും, ക്ലബുകളിലെ സ്ത്രീകളുടെ ചലനങ്ങളില്‍ മാത്രമാണ് തന്റെ ശ്രദ്ധ എന്നുമെല്ലാമായിരുന്നു ഹര്‍ദിക് ചാറ്റ് ഷോയ്ക്കിടെ പറഞ്ഞത്. ഇതേ തുടര്‍ന്ന് അന്വേഷണ വിധേയമായി ഇരുവരേയും ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.