ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഇന്ത്യന്‍ പരിശീലകന്‍ മതി; അവരുടെ മികവ് എടുത്തു കാട്ടി ഐ.എം.വിജയന്‍

ഇന്ത്യന്‍ പരിശീലകന് കീഴില്‍ ഞങ്ങള്‍ കളിച്ച സമയത്ത് ഫിഫ റാങ്കിങ്ങില്‍ 94ാം സ്ഥാനത്ത് നമ്മള്‍ എത്തുകയുണ്ടായി
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഇന്ത്യന്‍ പരിശീലകന്‍ മതി; അവരുടെ മികവ് എടുത്തു കാട്ടി ഐ.എം.വിജയന്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി ഇന്ത്യക്കാരനെ തന്നെ പരിഗണിക്കണം എന്ന് ഐ.എം.വിജയന്‍. കോണ്‍സ്റ്റന്റ്‌റൈനി കീഴില്‍ ഇന്ത്യയ്ക്ക് മികവ് കാണിക്കാനായി. ഏഷ്യാ കപ്പില്‍ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. പരിശീലകരാവാന്‍ യോഗ്യരായ ഇന്ത്യക്കാര്‍ നിരവധിയുണ്ട്. അവര്‍ക്ക് ഒരു അവസരം നല്‍കണം എന്ന് ഇന്ത്യന്‍ മുന്‍ മുന്നേറ്റ നിര താരം പറഞ്ഞു. 

എഎഫ്‌സി ഏഷ്യാ കപ്പില്‍ ബെഹ്‌റിനെതിരെ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ പെനാല്‍റ്റിയായിരുന്നു ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. പിന്നാലെ കോണ്‍സ്റ്റന്റ്‌റൈന്‍ രാജിവയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ പരിശീലകന് കീഴില്‍ ഞങ്ങള്‍ കളിച്ച സമയത്ത് ഫിഫ റാങ്കിങ്ങില്‍ 94ാം സ്ഥാനത്ത് നമ്മള്‍ എത്തുകയുണ്ടായി. സയിദ് നയിമുദ്ദീനും, സുഖ്വിന്ദര്‍ സിങ്ങുമെന്നും പരിശീലിപ്പിച്ചിരുന്നപ്പോള്‍ മികച്ച കളി പുറത്തെടുക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോളിനായെന്നും ഐ.എം.വിജയന്‍ പറയുന്നു. 

അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഒരു ഇന്ത്യന്‍ പരിശീലകന്‍ വരണം. കളിക്കാരെ നന്നായി അറിയാവുന്നത് ഇന്ത്യന്‍ പരിശീലര്‍ക്കാണ്. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് കളിയിലും നമ്മള്‍ മികച്ചു നിന്നു. പക്ഷേ മൂന്നാമത്തെ കളിയില്‍ അതുണ്ടായില്ല. 90 മിനിറ്റും അറ്റാക്ക് ചെയ്യാന്‍ സാധിച്ചില്ല. ആക്രമിച്ചുള്ള മുന്നേറ്റങ്ങള്‍ കാണാനേയായില്ല. 

സമനിലയ്ക്ക് വേണ്ടി മാത്രമാണോ ഇന്ത്യ കളിച്ചത് എന്നറിയില്ല. പക്ഷേ വളരെ മോശം കളിയായിരുന്നു. തായ്‌ലാന്‍ഡിനും യുഎഇക്കുമെതിരെ നമ്മുടെ ഫിറ്റ്‌നസ് ലെവല്‍ മികച്ച് നിന്നിരുന്നു. എന്നാല്‍ ബെഹ്‌റിനെതിരെ എന്താണ് സംഭവിച്ചത്. ആശിഖ് കുരുണിയനെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും. ജോബി ജസ്റ്റിനെ പോലുള്ള ഐലീഗില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് അവസരം ലഭിക്കണം എന്നും ഐ.എം.വിജയന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com