രഞ്ജിയില്‍ ചരിത്രം തീര്‍ക്കാന്‍ കേരളത്തിന് 194 റണ്‍സ് പ്രതിരോധിക്കണം; പരിക്ക് വകവയ്ക്കാതെ സഞ്ജു ഇറങ്ങിയിട്ടും രക്ഷയുണ്ടായില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2019 05:20 PM  |  

Last Updated: 16th January 2019 05:26 PM  |   A+A-   |  

renji534

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കണം എങ്കില്‍ ഗുജറാത്തിനെതിരെ കേരളത്തിന് പ്രതിരോധിക്കേണ്ടത് 194 റണ്‍സ്. 23 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി കളി തുടങ്ങിയ കേരളം 171 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ ഇന്നിങ്‌സിലെ ബൗളിങ് മികവ് ഒരിക്കല്‍ കൂടി പുറത്തെടുക്കുവാനായാല്‍ കേരളത്തിന് കളി പിടിക്കാം. 

രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ സിജിമോന്‍ ജോസഫിന്റെ ചെറുത്തുനില്‍പ്പാണ് കേരളത്തെ തുണച്ചത്.  സമ്മര്‍ദ്ദത്തെ അതിജീവിച്ച് 148 ബോളില്‍ നിന്നും സിജിമോന്‍ 56 റണ്‍സ് നേടി. സക്‌സേന നേടിയ 44 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ കേരളത്തിന്റെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം വീണ്ടും പരാജയപ്പെട്ടു. 

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ വിരലിന് പരിക്കേറ്റുവെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതാം വിക്കറ്റ് വീണപ്പോള്‍ സഞ്ജു സാംസന്‍ കേരളത്തിനായി ക്രീസിലേക്കിറങ്ങി. എന്നാല്‍ ഒന്‍പത് ബോള്‍ നേരിട്ട സഞ്ജുവിന് റണ്‍സ് ഒന്നും സ്‌കോര്‍ ചെയ്യാനാവാതെ മടങ്ങേണ്ടി വന്നു. അക്‌സര്‍ പട്ടേലാണ് സഞ്ജുവിനെ മടക്കി കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സിന് അവസാനം കുറിച്ചത്. രണ്ട് ദിവസം കൊണ്ട് 30 വിക്കറ്റാണ് വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ വീണത്. അതില്‍ 25 വിക്കറ്റും സ്വന്തമാക്കിയത് ഫാസ്റ്റ് ബൗളര്‍മാര്‍. 

ഗുജറാത്തിനെ ഒന്നാം ഇന്നിങ്‌സില്‍ കേരളം 162 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബേസില്‍ തമ്പിയും നിധീഷുമാണ് ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം ഗുജറാത്തിനെ എറിഞ്ഞിട്ട് കേരളത്തെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. പാര്‍ഥീവ് പട്ടേലായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ 43 റണ്‍സോടെ ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.