രഞ്ജി ട്രോഫിയില്‍ പുതു ചരിത്രമെഴുതി കേരളം; ആദ്യമായി സെമിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2019 12:34 PM  |  

Last Updated: 17th January 2019 12:52 PM  |   A+A-   |  

basil1

രഞ്ജി ട്രോഫിയില്‍ പുതു ചരിത്രമെഴുതി കേരളം. വമ്പന്മാരെയെല്ലാം അട്ടിമറിച്ച് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധം മുന്നേറ്റം നടത്തിയ കേരളത്തിന്റെ ആ കുതിപ്പ് സെമിയില്‍ എത്തി നില്‍ക്കുന്നു. ഗുജറാത്തിനെ തകര്‍ത്ത് കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ കടന്നു. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 113 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. 

കഴിഞ്ഞ സീസണില്‍ അട്ടിമറി ജയവുമായി എത്തിയ കേരളം ഗ്രൂപ്പില്‍ അന്ന് ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി നിന്നായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തിയത്‌. തൊട്ടടുത്ത സീസണില്‍  അതേ ഗുജറാത്തിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍ത്ത് സെമി ഫൈനല്‍ എന്ന സ്വപ്‌നം കേരളം യാഥാര്‍ഥ്യമാക്കി. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ എത്തിയതിന് മുന്‍പ് കേരളത്തിന്റെ രഞ്ജിയിലെ മികച്ച പ്രകടനം വന്നത് 1993-94 സീസണിലായിരുന്നു. അന്ന് പ്രീക്വാര്‍ട്ടറിലേക്ക് കേരളം കടന്നുവെങ്കിലും ഉത്തര്‍പ്രദേശിനോട് തോറ്റ് പുറത്തായി. പിന്നെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മുന്നേറ്റം സാധ്യമാക്കാന്‍ ഡേവിഡ് വാട്ട്‌മോര്‍ എന്ന പരിശീലകന്‍ വരേണ്ടി വന്നു. 

തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തായിരുന്നു കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഗ്രൂപ്പ് ഘട്ടത്തില്‍ ഹിമാചലിനെ കൂടാതെ ഡല്‍ഹി, ആന്ധ്ര, ബംഗാള്‍ എന്നീ ടീമുകളെയാണ് കേരളം തോല്‍പ്പിച്ചത്. ഹൈദരാബാദിനെ സമനിലയിലും  തളച്ചു. സക്‌സേനയുടെ ഓള്‍ റൗണ്ട് മികവായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിന് തുണയായത്. എന്നാല്‍ ക്വാര്‍ട്ടറിലേക്കെത്തിയപ്പോള്‍ ബേസിലും, സന്ദീപും, നിതീഷും ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ബൗളര്‍മാര്‍ സാഹചര്യത്തിനൊത്ത് ഉയര്‍ന്ന് കേരളത്തെ ചരിത്ര വിജയത്തിലേക്കെത്തിച്ചു. 

ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ കേരളം എറിഞ്ഞിടുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ രാഹുല്‍ ഷാ ഒരറ്റത്ത് ഉറച്ചു നിന്നുവെങ്കിലും ഗുജറാത്തിന് രക്ഷയുണ്ടായില്ല. അഞ്ചാം വിക്കറ്റില്‍ രാഹുല്‍ ഷായും ധ്രുവ് രാവലും ചേര്‍ന്ന് തീര്‍ത്ത 39 റണ്‍സ് കൂട്ടുകെട്ടാണ് ഗുജറാത്ത് ഇന്നിങ്‌സിലെ ആകെയുണ്ടായ ആശ്വാസം. പത്താം വിക്കറ്റില്‍ നാഗ്വസ്വല്ലയെ കൂട്ടുപിടിച്ച് രാഹുല്‍ ഷാ നേടിയ 12 റണ്‍സാണ് ഗുജറാത്ത് ഇന്നിങ്‌സിലെ രണ്ടാമത്തെ വലിയ കൂട്ടുകെട്ട്.ആ കൂട്ടുകെട്ട് കേരളത്തിന്റെ ആരാധകരുടെ ജയത്തിനായുള്ള കാത്തിരിപ്പിനേയും ചെറുതായി അലോസരപ്പെടുത്തി. എന്നാല്‍ നാഗ്വസ്വല്ലയെ മടക്കി രണ്ട് ഇന്നിങ്‌സിലുമായി വാര്യര്‍ തന്റെ വിക്കറ്റ് നേട്ടം എട്ടിലേക്കെത്തിച്ചു. 

അഞ്ചാം ഓവറില്‍ രണ്ട് ഓപ്പണര്‍മാരേയും മടക്കി തുടങ്ങിയ ബേസില്‍ തമ്പി തന്നെയാണ് ക്വാര്‍ട്ടറില്‍ കേരളത്തിന്റെ ഹീറോ. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും, ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും ബേസില്‍ നേടി. 195 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്തിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. 11 റണ്‍സ് എടുക്കുന്നതിനിടെ ഗുജറാത്തിന്റെ മൂന്ന് മുന്‍ നിര വിക്കറ്റുകളാണ് കേരളം പിഴുതത്. മൂന്നാം ദിനം കളി തുടങ്ങിയപ്പോള്‍ കഥാന്‍ ഡി പട്ടേലിന്റെ കുറ്റി തെറിപ്പിച്ച ബേസില്‍ തമ്പിയാണ് കേരളത്തിന് അനുകൂലമായി കളി തിരിച്ചത്. ഒന്‍പത് റണ്‍സായിരുന്നു അപ്പോള്‍ ഗുജറാത്ത് സ്‌കോര്‍. അഞ്ചാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ ഗുജറാത്തിന്റെ ഒരു ഓപ്പണറെ മടക്കിയ ബേസില്‍ അതേ ഓവറിലെ അവസാന പന്തില്‍ രണ്ടാമത്തെ ഓപ്പണറേയും കൂടാരം കയറ്റി. 

ആദ്യ വിക്കറ്റ് വീണതിന് ശേഷം ഗുജറാത്ത് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം കൂട്ടിചേര്‍ക്കെ ഓപ്പണര്‍ പി.കെ.പഞ്ചലിനെ ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒന്നാം ഇന്നിങ്‌സില്‍ ഗുജറാത്തിന്റെ ടോപ് സ്‌കോററായിരുന്ന നായകന്‍ പാര്‍ഥീവ് പട്ടേലിനെ സച്ചിന്‍ ബേബി റണ്‍ ഔട്ട ആക്കുക കൂടി ചെയ്തതോടെ ഗുജറാത്തിനെ കേരളം വരിഞ്ഞു മുറുക്കി.

സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ പാര്‍ഥീവ് പട്ടേല്‍ മടങ്ങിയതിന് തൊട്ടു പിന്നാലെ തന്നെ ആര്‍.എച്ച്.ബട്ടിനേയും ഡക്കാക്കി തിരിച്ചയച്ച് സന്ദീപ് വാര്യരും കേരളത്തിനായി സ്‌ട്രൈക്ക് ചെയ്തു. ഗുജറാത്തിനായി രാഹുല്‍ ഷാ ഒരറ്റത്ത് ഉറച്ചു നിന്നുവെങ്കിലും കൂട്ടുകെട്ട് തീര്‍ക്കാന്‍ ഗുജറാത്ത് താരങ്ങളെ കേരളത്തിന്റെ ബൗളര്‍മാര്‍ അനുവദിച്ചില്ല.

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 185 റണ്‍സില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിനെ സന്ദീപ് വാര്യരും, ബേസില്‍ തമ്പിയും നിഥീഷും ചേര്‍ന്ന് എറിഞ്ഞിട്ടതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാമെന്ന പ്രതീക്ഷ കേരളത്തിന് മുകളിലേക്കെത്തിക്കുകയായിരുന്നു. ഗുജറാത്തിന്റെ ഭാഗത്ത് നിന്നും അത്ഭുതമൊന്നും വരാതിരുന്നതോടെ ആ കടമ്പയും കേരളം പിന്നിട്ടു. 
.