''വാട്ട് മോര്‍'' എന്നാണ് ആരാധകര്‍ ചോദിക്കുന്നത്, വാട്ട്‌മോര്‍ എന്ന പരിശീലകന്‍ കേരളത്തിന് കരുതി വെച്ചിരിക്കുന്ന സര്‍പ്രൈസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2019 02:42 PM  |  

Last Updated: 17th January 2019 02:42 PM  |   A+A-   |  

whatmore

ശ്രീലങ്കയെ 1996ല്‍ തങ്ങളുടെ ആദ്യ ലോക കപ്പ് ജയത്തിലേക്കെത്തിച്ചപ്പോള്‍ അണിയറയില്‍ അദ്ദേഹമായിരുന്നു. അട്ടമറി സിംഹങ്ങളായി മാറാനും, ടെസ്റ്റിലെ ആദ്യം ജയം നേടാനുമെല്ലാം ബംഗ്ലാദേശിന് വേണ്ടി ഗിയര്‍ മാറ്റിയതും അദ്ദേഹമായിരുന്നു. കോഹ് ലിയും സംഘവും 2008ല്‍ അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തുമ്പോഴും മലേഷ്യയില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇവിടം കൊണ്ടും തീരുന്നില്ല വാട്ട്‌മോറിന്റെ കോച്ചിങ് കരിയറിലെ നേട്ടങ്ങള്‍. കേരളത്തിലേക്കെത്തിയപ്പോള്‍ ഇതാ, 61 വര്‍ഷമായി സാധിക്കാതിരുന്നത് കയ്യെത്തി പിടിക്കുന്നു. ചരിത്രം കുറിച്ച് ടീമിനെ ആദ്യമായി രഞ്ജി ട്രോഫി സെമിയിലേക്ക് കടത്തുന്നു...ഡേവ് വാട്ട്‌മോര്‍ എന്ന പരിശീലകനില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്താണ് ചോദിക്കേണ്ടത്. 

1993 രഞ്ജി ട്രോഫി സീസണിന് ശേഷം ആ ഭാഗത്തേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ മാത്രമുള്ള കളികളൊന്നും കേരളം കളിച്ചിട്ടില്ല.അതിന് മുന്‍പും ഉണ്ടായിട്ടില്ല. 
കളിച്ചത് വാട്‌മോര്‍ വന്നതിന് ശേഷം കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയ ആ മുന്നേറ്റം,  വിദര്‍ഭ അത്‌ തകര്‍ത്തെറിഞ്ഞു. തൊട്ടടുത്ത സീസണില്‍ എലൈറ്റ് ഗ്രൂപ്പിലെ വമ്പന്മാര്‍ക്ക് മുന്നില്‍ പതറിയിരുന്നിടത്ത് നിന്നെല്ലാം തിരിച്ചടിച്ച്, ദാ ഇപ്പോള്‍ സെമിയിലെത്തി നില്‍ക്കുന്നു. കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ മുന്നേറ്റം തകര്‍ത്ത വിദര്‍ഭയായിരിക്കും സെമിയില്‍ കേരളത്തിന്റെ എതിരാളിയായി എത്താന്‍ സാധ്യത. 

സെമിയിലും ജയിച്ചു കയറുമെന്ന് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പറയുമ്പോള്‍ ടീമില്‍ വാട്‌മോര്‍ ചെലുത്തുന്ന ആത്മവിശ്വാസം എത്രമാത്രമെന്ന് വ്യക്തം. കഴിഞ്ഞസീസണിലെ കണക്ക് സെമിയില്‍ തീര്‍ത്ത് വിദര്‍ഭയെ മറികടന്ന് കേരളം സെമിയിലേക്ക് കുതിക്കുമെന്ന് ആരാധകര്‍ക്ക് ഉറച്ച പ്രതീക്ഷ വയ്ക്കാം, വാട്ട്‌മോറിനെ കണ്ട്‌. പേസ് നിരയുടെ കരുത്തിലാണ് ക്വാര്‍ട്ടറില്‍ കേരളം ജയം പിടിച്ചത്. ക്വാര്‍ട്ടറില്‍ മാത്രമല്ല, ബേസിലിന്റേയും സന്ദീപിന്റേയും വിക്കറ്റ് വേട്ടയുടെ കണക്ക് പറയും ബൗളര്‍മാര്‍ കേരളത്തിന്റെ മുന്നേറ്റത്തിന് എത്രമാത്രം ഊര്‍ജം നല്‍കിയെന്ന്. 

ബേസില്‍ തമ്പി ക്വാര്‍ട്ടര്‍ ഉള്‍പ്പെടെ ഒന്‍പത് കളിയില്‍ നിന്നും നേടിയത് 33 വിക്കറ്റ്. സന്ദീപ് ഇത്രയും കളിയില്‍ നിന്നും നേടിയത് 39 വിക്കറ്റ്. ഇവിടേക്കാണ് കേരളത്തിന്റെ സക്‌സേനയുടെ ഓള്‍ റൗണ്ട് മികവ് വരുന്നത്. ഏത് ബാറ്റിങ് പൊസിഷനിലും കളിച്ച് റണ്‍സ് കണ്ടെത്താനുള്ള സക്‌സേനയുടെ കഴിവ് ഗ്രൂപ്പ് ഘട്ടത്തില്‍ കുറച്ചൊന്നുമല്ല കേരളത്തെ തുണച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശിനെ രഞ്ജി ട്രോഫി സെമിയിലേക്ക് എത്തിച്ചതില്‍ നെണുംതൂണായ താരം ഈ സീസണില്‍ കേരളത്തിന്റെ ഹൃദയതുടിപ്പായിരുന്നു. 

സഞ്ജു സാംസണിലേക്കെത്തുമ്പോള്‍ ടൂര്‍ണമെന്റിലാദ്യം ടീമിനെ രക്ഷിക്കുന്ന സ്ഥിരതയാര്‍ന്ന കളി സഞ്ജുവില്‍ നിന്നും വന്നില്ല. എന്നാല്‍ കരുത്തരായ തമിഴ്‌നാടിനെതിരേയും, ഡല്‍ഹിക്കെതിരേയും നിര്‍ണായക മത്സരത്തില്‍ ഹിമാചലിന് എതിരേയും ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി സഞ്ജു അനുഭവ സമ്പത്ത് കൊണ്ട് കേരളത്തെ തുണച്ചു. ഓപ്പണിങ്ങില്‍ മികവ് കാണിച്ച പൂനം രാഹുലാണ് ക്വാര്‍ട്ടര്‍ ഘട്ടം കേരളം കടക്കുമ്പോള്‍ കയ്യടി വാങ്ങുന്ന മറ്റൊരു താരം.