ഹര്‍ദിക്കിനും രാഹുലിനും വീണ്ടും തിരിച്ചടി; ന്യൂസിലാന്‍ഡിനെതിരായ പര്യടനത്തിലും കളിക്കില്ലെന്ന് ബിസിസിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2019 03:51 PM  |  

Last Updated: 17th January 2019 03:51 PM  |   A+A-   |  

kl14012019_(1)

ടീമില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിടുന്ന ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും ഉടന്‍ ടീമിലേക്ക് മടങ്ങിയെത്തില്ല. ന്യൂസിലാന്‍ഡ് പര്യടനത്തിലും ഇരുവരേയും പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. 

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളില്‍ ഇവരുണ്ടാവില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവരേയും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും മാറ്റിയിരുന്നു. സിഡ്‌നിയിലെ ആദ്യ ഏകദിനത്തിന് മുന്‍പായി ബിസിസിഐ ഇരുവരേയും അന്വേഷണ വിധേയമായി ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 

ഹര്‍ദിക്കിനും രാഹുലിനും പകരം വിജയ് ശങ്കറിനേയും, ശുഭ്മന്‍ ഗില്ലിനേയും ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിജയ് ശങ്കര്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍, ഗില്‍ ന്യൂസിലാന്‍ഡില്‍ ടീമിനൊപ്പം ചേരും. എന്നാല്‍ രാഹുലിനും, ഹര്‍ദ്ദിക്കിനും എതിരായ നടപടി വൈകുന്നതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇരുവരുടേയും കരിയറിനെ ബാധിക്കാത്ത വിധം നടപടി വേണം എന്ന ആവശ്യമാണ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വെച്ചത്.