ഇത് ചരിത്രം; ധോനിയുടെ ചിറകിലേറി ഇന്ത്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2019 04:17 PM  |  

Last Updated: 18th January 2019 04:31 PM  |   A+A-   |  

dhoni54fd

ഒന്നര മാസത്തോളം നീണ്ട ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് അവസാനം. ചരിത്രത്തില്‍, മറ്റൊരു ഇന്ത്യന്‍ സംഘത്തിനും സാധിക്കാത്ത നേട്ടങ്ങളുടെ പട്ടിക നിരത്തിയാണ് കോഹ് ലിയും സംഘവും ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങുന്നത്. ചരിത്രം തിരുത്തി കുറിച്ച ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ഇപ്പോള്‍ ആദ്യമായി ഓസീസ് മണ്ണില്‍ ഉഭയകക്ഷി പരമ്പര ജയവും.

മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ വീണ്ടും ധോനിയുടെ ചുമലിലേറി ഇന്ത്യ ജയത്തിലേക്കെത്തി. 4  ബോള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 87 റണ്‍സോടെ പുറത്താവാതെ നിന്ന ധോനിയാണ് ഇന്ത്യയുടെ ജയത്തിന് ഒരിക്കല്‍ കൂടി ചുക്കാന്‍ പിടിച്ചത്. ഓസീസ് മണ്ണില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യ ഒരു ഉഭയകക്ഷി ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഓസീസ് മണ്ണില്‍ ഇന്ത്യ ഏകദിന പരമ്പര ജയിക്കുന്നത് 1985ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ക്രിക്കറ്റും, 2008ലെ സിബി സീരീസുമാണ്. ഓസീസ് മണ്ണില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ മാത്രം ഉഭയകക്ഷി പരമ്പരയുമായിരുന്നു ഇത്. ഇതിന് മുന്‍പ് കളിച്ചത് 2016ല്‍. അന്ന് 4-1 എന്ന നാണക്കേടും പേറിയാണ് ഇന്ത്യ നാട്ടിലേക്ക് തിരിച്ചത്. 

ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ധോനിയുടെ തിരിച്ചു വരവ് കൂടി കണ്ട് പരമ്പരയായിരുന്നു ഈ കഴിയുന്നത്. 2019ലെ ആദ്യ മൂന്ന് ഏകദിനങ്ങളിലും തുടര്‍ച്ചയായി അര്‍ധ ശതകം. അങ്ങിനെ ഓസീസ് പരമ്പരയിലെ ടോപ് റണ്‍ സ്‌കോറര്‍ പദവി രോഹിത് ശര്‍മയെ പിന്നിലേക്കാക്കി ധോനി സ്വന്തമാക്കുന്നു. മൂന്ന് കളിയില്‍ നിന്നും 193 റണ്‍സാണ് ധോനി നേടിയത്. രോഹിത് ശര്‍മ നേടിയത് 185 റണ്‍സും. ക്രിക്കറ്റ് വിദഗ്ധര്‍ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്നത് കോഹ് ലി മെല്‍ബണില്‍ പരീക്ഷിക്കുന്നതും കണ്ടു. ധോനിയെ നാലാമനായി ഇറക്കുക എന്നത്. ലോക കപ്പ് മുന്നില്‍ കണ്ടുള്ള ആ പരീക്ഷണം വിജയിക്കുകയും ചെയ്തു. 

230 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. എന്നാല്‍ ശിഖര്‍ ധവാനുമായി ചേര്‍ന്ന് കോഹ് ലി 44 റണ്‍സിന്റെ കൂട്ടുകെട്ടും ധോനിയുമായി ചേര്‍ന്ന് 54 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും തീര്‍ത്തു. കോഹ് ലി പുറത്തായെങ്കിലും കിട്ടിയ അവസരം കേഥാര്‍ ജാദവ് പ്രയോജനപ്പെടുത്തിയതോടെ ഇന്ത്യ ജയത്തിന് അടുത്തേക്കെത്തി. ഇരുവരുടേയും കൂട്ടുകെട്ട് നൂറ് റണ്‍സ് കടന്നിരുന്നു. 52 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ അര്‍ധ ശതകം പൂര്‍ത്തിയാക്കിയാണ് ജാദവ് ധോനിക്കൊപ്പം ഇന്ത്യയ്ക്ക് ചരിത്ര വിജയം നേടിത്തന്നത്.