ഫിഞ്ചിനെ വിറപ്പിച്ച് ഭുവിയുടെ ഡെഡ് ബോള്‍; ബുദ്ധി ഉപദേശിച്ചത് ധോനി തന്നെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2019 10:32 AM  |  

Last Updated: 18th January 2019 10:32 AM  |   A+A-   |  

bhuvi5

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ആ കാര്യത്തില്‍ മാറ്റമുണ്ടായില്ല. ഓസീസ് നായകനെ ഭുവി തന്നെ മടക്കി. ആദ്യ രണ്ട് ഏകദിനത്തിലേത് പോലെയല്ല. ബൗളിങ്ങിലെ പരീക്ഷണങ്ങള്‍ കൊണ്ട് വിറപ്പിച്ചാണ് ഭുവി ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയത്. 

ഒന്‍പതാം ഓവറിലായിരുന്നു ഫിഞ്ചിന്റെ വിക്കറ്റ് ഭുവി വീഴ്ത്തിയത്. ഓവറിലെ അഞ്ചാം ബോളിന് മുന്‍പായി ഭുവിയുമായി ധോനി സംസാരിക്കുന്നുണ്ടായിരുന്നു. അഞ്ചാമത്തെ ഡെലിവറി ലാന്‍ഡിങ് ക്രീസിന് എത്തുന്നതിന് മുന്‍പ്, അമ്പയര്‍ക്ക് അരികില്‍ വെച്ച് ഭുവി എറിഞ്ഞു. ഇത് കണ്ട ഫിഞ്ച് ബാറ്റ് ചെയ്യാതെ മാറി നിന്നു. അത് ഡെഡ് ബോള്‍ വിളിക്കുകയല്ലാതെ അമ്പയര്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. 

ഡെഡ് ബോള്‍ വിളിച്ച അമ്പയറുടെ നടപടിയില്‍ ഭുവി തൃപ്തനായിരുന്നില്ല. തൊട്ടടുത്ത ബോളില്‍ ഭുവി പകരം വീട്ടി. ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി തുടര്‍ച്ചയായ മൂന്നാം വട്ടവും ഓസീസ് നായകന്റെ വിക്കറ്റ് ഭുവി തന്നെ സ്വന്തമാക്കി. ഫിഞ്ച് മടങ്ങുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ് സ്‌കോര്‍.