മെല്‍ബണ്‍ ഏകദിനത്തില്‍ ഓസീസിന് ബാറ്റിംഗ് ; റായുഡു പുറത്ത് ; വിജയ് ശങ്കറിന് അരങ്ങേറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2019 08:11 AM  |  

Last Updated: 18th January 2019 08:11 AM  |   A+A-   |  

 

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന  മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടംപിടിച്ചു. 

കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ നിന്നും അമ്പാട്ടി റായുഡു, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ ഒഴിവാക്കി. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന്റെ ഏകദിന അരങ്ങേറ്റമാണിത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് വിജയ് ശങ്കറെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓസ്‌ട്രേലിയ ആദം സാമ്പ, ബില്ലി സ്റ്റാന്‍ലേക്ക എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ ഇടംനേടി. 

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര നേട്ടവും ലക്ഷ്യമിട്ടാണ് വിരാട് കോഹ് ലിയും സംഘവും ഇറങ്ങുന്നത്. ഇരുപക്ഷവും ഓരോ വിജയം നേടിയതോടെ, ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാനാകും. 

2016 ല്‍ മാത്രമാണ് രണ്ടു ടീമുകളും തമ്മില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏകദിന പരമ്പര കളിച്ചത്. അന്ന് ആതിഥേയര്‍ 4-1നു ജയിച്ചു. ഇതുവരെ മറ്റൊരു ടീം കൂടി ഉള്‍പ്പെട്ട ത്രീരാഷ്ട്ര ഏകദിന ടൂര്‍ണമെന്റുകളായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടുള്ളത്. മെല്‍ബണില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതുവരെ 14 ഏകദിനങ്ങളാണ് കളിച്ചത്. ഒന്‍പതെണ്ണം ഓസ്‌ട്രേലിയയും അഞ്ചെണ്ണം ഇന്ത്യയും ജയിച്ചു.