മെൽബൺ ഏകദിനം : രോഹിതും ധവാനും പുറത്ത്; ഇന്ത്യ പൊരുതുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2019 02:08 PM  |  

Last Updated: 18th January 2019 02:08 PM  |   A+A-   |  

 

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇന്ത്യക്കും തുടക്കത്തിലേ തിരിച്ചടി.59 റൺസെടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരും പുറത്തായി.  ഒമ്പതു റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും 23 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. രോഹിത്തിനെ പീറ്റര്‍ സിഡിലും ധവാനെ സ്റ്റോയിനിസുമാണ് പുറത്താക്കിയത്. 

നേരത്തെ ഓസ്ട്രേലിയയെ ഇന്ത്യ 230 റൺസിന് പുറത്താക്കിയിരുന്നു. 58 റൺസെടുത്ത പീറ്റർ ഹാൻഡ്സ്കോമ്പാണ് ഓസീസിന്റെ ടോപ് സ്കോറർ. ഷോൺ മോർഷ് 39 ഉം, ഉസ്മാൻ ഖവാജ 34 ഉം  റൺസെടുത്തു. ആറു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് ഓസീസിനെ തകര്‍ത്തത്. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ ആറു വിക്കറ്റെടുത്തത്. ഇതു രണ്ടാം തവണയാണ് ചാഹല്‍ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഏകദിനത്തില്‍ ചാഹലിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

2004-ല്‍ മെല്‍ബണില്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പം  ചാഹലെത്തി. ഉസ്മാന്‍ ഖ്വാജ (34), ഷോണ്‍ മാര്‍ഷ് (39), പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് (58), മാര്‍ക്കസ് സ്റ്റോയിനിസ് (10), റിച്ചാഡ്സണ്‍ (16), ആദം സാംപ (8) എന്നിവരെയാണ് ചാഹല്‍ മടക്കിയത്.