ഇന്ത്യയെ കാത്ത് ഏകദിന പരമ്പരയെന്ന ചരിത്രം നേട്ടം; മാനം കാക്കാൻ ഓസ്ട്രേലിയ; മൂന്നാം ഏകദിനം ഇന്ന്

ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര നേട്ടവും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും
ഇന്ത്യയെ കാത്ത് ഏകദിന പരമ്പരയെന്ന ചരിത്രം നേട്ടം; മാനം കാക്കാൻ ഓസ്ട്രേലിയ; മൂന്നാം ഏകദിനം ഇന്ന്

മെൽബൺ: ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര നേട്ടവും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയിലെ മൂന്നാം പോരാട്ടം ഇന്ന് മെൽബണിൽ അരങ്ങേറും. ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് 2–1നു പരമ്പര സ്വന്തമാക്കാം. 

2016ൽ മാത്രമാണ് രണ്ടു ടീമുകളും തമ്മിൽ ഇവിടെ കന്നി ഏകദിന പരമ്പര കളിച്ചത്. അന്ന് ആതിഥേയർ 4–1നു ജയിച്ചു. ഇതുവരെ മറ്റൊരു ടീം കൂടി ഉൾപ്പെട്ട ത്രീരാഷ്ട്ര ഏകദിന ടൂർണമെന്റുകളായിരുന്നു ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ കളിച്ചിട്ടുള്ളത്. മെൽബണിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇതുവരെ 14 ഏകദിനങ്ങളാണ് കളിച്ചത്. ഒൻപതെണ്ണം ഓസ്ട്രേലിയയും അഞ്ചെണ്ണം ഇന്ത്യയും ജയിച്ചു.

സിഡ്നിയിലെ ആദ്യ ഏകദിനം ഓസ്ട്രേലിയയും അഡ‌ലെയ്ഡിലെ രണ്ടാം ഏകദിനം ഇന്ത്യയും ജയിച്ചു. ഇന്നത്തെ പോരാട്ടം ആര് ജയിക്കുന്നുവോ പരമ്പര അവർക്ക് സ്വന്തം. ടെസ്റ്റ് പരമ്പര അടിയറവ് വച്ച ഓസീസിന് ഏക​ദിന പരമ്പര കൈവിടാതെ കാക്കേണ്ട സമ്മർദമുണ്ടാകും. 

കോഹ്‌ലിയും ധോണിയുമെല്ലാം ഫോമിലായത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്ന കാര്യങ്ങളാണ്. അഞ്ചാം ബൗളറുടെ കാര്യത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് അൽപം ആശങ്കയുള്ളത്. പേസ് ദ്വയമായി ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും സ്പിൻ കൂട്ടായി കുൽദീപ് യാദവും രവീന്ദ്ര ജഡേജയും തിളങ്ങിയെങ്കിലും ഖലീൽ അഹ്മദും മുഹമ്മദ് സിറാജും നിരാശപ്പെടുത്തി. സീം ബോളിങ് ഓൾറൗണ്ടറായ വിജയ് ശങ്കറിനോ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനോ ഇന്ന് അവസരം കിട്ടിയേക്കാം. ആക്രമണോത്സുകമായി എറിയുന്ന ആളെന്ന നിലയിൽ ചഹലിനാണ് സാധ്യത കൂടുതൽ. 

ഓസ്ട്രേലിയയ്ക്ക് ഓപണിങ് ബാറ്റിങ്ങിലാണ് തലവേദന. ആരോൺ ഫിഞ്ചും അലക്സ് കാരിയും ഇതുവരെ ക്ലിക്കായിട്ടില്ല. രണ്ട് കളികളിലും മധ്യനിരയാണ് ആതിഥേയരെ താങ്ങി നിർത്തിയത്. ‌രണ്ടാം ഏകദിന ടീമിൽ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് ഇറങ്ങുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും വിക്കറ്റ് എടുക്കാത്ത ലിയോണിന് പകരം ആദം സാംപ ടീമിലെത്തി. പുറംവേദന മൂലം പുറത്തായ പേസർ ജേസൺ ബെഹ്റെൻഡോർഫിനു പകരം ബില്ലി സ്റ്റാൻലേകും ടീമിലിടം കണ്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com