ചെയ്‌സ് ചെയ്യാന്‍ 300ന് മുകളില്‍, ധോനിയും റായിഡുവും ക്രീസിലെന്ന് കരുതുക; പ്രശ്‌നം ഇവിടെയാണ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 12:43 PM  |  

Last Updated: 19th January 2019 12:43 PM  |   A+A-   |  

ambatirayudu-msd-

ഏകദിനത്തിലും ടെസ്റ്റിലും ചരിത്രം തീര്‍ത്ത് ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങാന്‍ ഇന്ത്യന്‍ സംഘത്തിനായി. എന്നാല്‍ റായിഡുവിന്റെ വരവോടെ പരിഹരിക്കപ്പെട്ടുവെന്ന് കരുതിയിരുന്ന ഇന്ത്യയുടെ മധ്യനിരയിലെ തലവേദന ഓസീസിനെതിരായ ഏകദിന പരമ്പരയോടെ തിരികെ വരികയാണ്. മധ്യനിരയില്‍ ധോനിയേയും റായിഡുവിനേയും ഒരുമിച്ച് ചേര്‍ക്കാന്‍ സാധിക്കാത്തതിലെ പ്രശ്‌നമാണ് മൂന്നാം ഏകദിനത്തോടെ ഉയര്‍ന്നു വരുന്നത്. 

ക്രീസില്‍ നിലയുറപ്പിക്കാന്‍ ധോനിക്കും റായിഡുവിനും സമയം ആവശ്യമാണ്. ഇത് ഡോട്ട് ബോളുകളുടെ എണ്ണം കൂട്ടും. ഈ സമയം സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തുന്നതിന്റെ ചുമതല ക്രീസില്‍ നില്‍ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാന്റെ മേല്‍ക്കെത്തും. കോഹ് ലി, ധവാന്‍, രോഹിത് എന്നിവരില്‍ ആരെങ്കിലുമാണ് ധോനിക്കും, റായിഡുവിനും ഒപ്പം ക്രീസില്‍ എങ്കില്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി ധോനിക്കോ റായിഡുവിനോ നിലയുറപ്പിക്കുവാനുള്ള സമയം നല്‍കാനാവും. 

ഇന്ത്യയ്ക്ക് ചെയ്‌സ് ചെയ്യേണ്ടത് മുന്നൂറിന് മുകളിലുള്ള സ്‌കോര്‍ ആണെന്ന് കരുതുക. ക്രീസില്‍ റായിഡുവും ധോനിയും. ഇവര്‍ക്ക് നിലയുറപ്പിക്കുവാന്‍ വേണ്ട ഡോട്ട് ബോളുകള്‍ അവിടെ ഇന്ത്യയ്ക്ക് അംഗീകരിക്കാനാവില്ല. കാര്‍ത്തിക്കും, ജാദവും സമ്മര്‍ദ്ദത്തില്‍ നിന്ന് റണ്‍സ് കണ്ടെത്തി ആവശ്യമായ റണ്‍ റേറ്റിലേക്ക് എത്തുന്നത് ഓസീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും കണ്ടതാണ്. 

ഓസീസിനെതിരായ പരമ്പര അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ മധ്യനിരയില്‍ 4,5,6 പൊസിഷനില്‍ ധോനി, കാര്‍ത്തിക്, ജാദവ് എന്നിങ്ങനെയാണ് വ്യക്തത വരുന്നത്. വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കാന്‍ ധോനിക്ക് സാധിക്കുമ്പോള്‍ ജാദവിനും, കാര്‍ത്തിക്കിനും റണ്‍സ് വേഗത്തില്‍ കണ്ടെത്താനാവുന്നു. ഫിനിഷിങ്ങില്‍ രണ്ട് കൂട്ടരുടേയും ഈ മികവ് ഇന്ത്യയ്ക്ക് തുണയാവുന്നു. 

എന്നാല്‍ റായിഡുവിനേയും ധോനിയേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഇന്ത്യയ്ക്ക് ഗുണമാകില്ലെന്ന് വ്യക്തം. പ്ലേയിങ് ഇലവനിലെ ബാലന്‍സ് നിലനിര്‍ത്താന്‍ ലോക കപ്പ് എത്തുമ്പോള്‍ ഒരാള്‍ പുറത്തേക്ക് പോകേണ്ടി വരും. അത് റായിഡുവാകാന്‍ തന്നെയാണ് സാധ്യത.