ബ്ലാസ്റ്റേഴ്‌സും, എഫ്‌സി ഗോവയും താരങ്ങളെ കൈമാറുന്നു, ഗോള്‍ കീപ്പര്‍മാര്‍ മാറി വരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 05:08 PM  |  

Last Updated: 19th January 2019 05:08 PM  |   A+A-   |  

fcgoa

ഐഎസ്എല്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും, എഫ്‌സി ഗോവയും ഗോള്‍കീപ്പര്‍മാരെ കൈമാറുന്നു.  നവീന്‍ കുമാറിനെയാണ് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയ്ക്ക് നല്‍കുന്നത്. ഗോവയുമായി നവീന്‍ ഇന്ന് കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഗോവന്‍ ഗോള്‍ കീപ്പര്‍ ലല്‍തുവാമവ്യയാകും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പകരമെത്തുക. 2017-18 സീസണില്‍ എഫ്‌സി ഗോവയ്ക്ക് വേണ്ടിയാണ് നവീന്‍ കളിച്ചത്. ഏഴ് കളിയില്‍ നിന്നും 22 സേവുകള്‍ നടത്തിയ നവീന്‍ അന്ന് രണ്ട് ക്ലീന്‍ ഷീറ്റും നേടി. തൊട്ടടുത്ത സീസണില്‍ മുപ്പതുകാരനായ നവീന്‍ കുമാറിനെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലേക്ക് എത്തിച്ചു. എന്നാല്‍ അഞ്ച് കളിയില്‍ 10 സേവുകള്‍ നടത്തിയ നവീന്‍ വഴങ്ങിയത് 9 ഗോളുകളാണ്. 

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ധീരജ് സിങ് ഭേദപ്പെട്ട കളി പുറത്തെടുത്തതോടെ നവീന്റെ സ്ഥാനം ബ്ലാസ്‌റ്റേഴ്‌സില്‍ പരുങ്ങലിലായി. ലാല്‍തുവാമവ്യയാവട്ടെ 2014-15 ഐലീഗ് സീസണില്‍ ബംഗളൂരു എഫ്‌സിക്ക് വേണ്ടി കളിച്ച് ശ്രദ്ധ നേടിയ താരമാണ്. എന്നാല്‍ 2015ല്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ അവര്‍ കൊണ്ടുവന്നതോടെ ഫസ്റ്റ് ചോയിസ് ഗോള്‍ കീപ്പര്‍ എന്ന പേര് ലാല്‍തുവാമ്യയ്ക്ക് നഷ്ടപ്പെട്ടു. 

2015ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് ലാല്‍തുവാമ്യയെ ലോണായി നല്‍കിയെങ്കിലും കളിക്കളത്തില്‍ ഇറങ്ങാന്‍ അവസരം ലഭിച്ചില്ല. ഒടുവില്‍ ഈ സീസണില്‍ താരത്തെ എഫ്‌സി ഗോവ ടീമിലേക്കെത്തിച്ചു. എന്നാല്‍ സെര്‍ജിയോ ലോബേറയെ പതിനെട്ടുകാരന്‍ മുഹമ്മദ് നവാസ് തൃപ്തിപ്പെടുത്തിയപ്പോള്‍ അവിടേയും ലാല്‍തുവമ്യയ്ക്ക് വാതിലടഞ്ഞു.