മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ സൈനയും ഇന്ത്യന്‍ പ്രതീക്ഷകളും സെമിയില്‍ വീണു, ഇനി ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 02:05 PM  |  

Last Updated: 19th January 2019 02:05 PM  |   A+A-   |  

sainanehwal

സീസണിന്റെ തുടക്കം ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകത്തിന് അത്ര ശുഭകരമല്ല. മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം സിംഗിള്‍സ് സെമിയില്‍ സൈന നെഹ് വാളിനെ ലോക ചാമ്പ്യന്‍ കരോലിന് മറിന്‍ കീഴടക്കി. 21-16, 21-13 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. 

മികച്ച തുടക്കം സൈനയ്ക്ക് കളിയില്‍ ലഭിച്ചിരുന്നു. ഒരുവേള ഫസ്റ്റ് ഗെയിമില്‍ 14-14 എന്ന് വരെയെത്തി. എന്നാല്‍ ഫോമില്‍ കളിക്കുന്ന കരോലിനയ്ക്ക് ആറ് പോയിന്റ് തുടരെ ലഭിച്ചതോടെ സൈന പതറി. കരോലിനയുടെ സ്പീഡും, പ്ലേസ്‌മെന്റും, സ്മാഷുകളും പെര്‍ഫെക്ഷനിലേക്ക് വന്നതോടെ സൈനയ്ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 

മികച്ച പ്രകടനം നടത്താനായില്ലെന്ന് കളിക്ക് ശേഷം സൈനയും പറഞ്ഞു.  എന്നാല്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സിലേക്കാണ് ഇനി ശ്രദ്ധയെന്ന് സൈന വ്യക്തമാക്കി. പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം സൈനയ്ക്ക് വെല്ലുവിളിയായി എത്താറുള്ള നസോമി ഒകുഹാരയെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചായിരുന്നു സൈന സെമിയിലേക്കെത്തിയത്. സൈന പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകളും അസ്തമിച്ചു. പുരുഷന്മാരുടെ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗത്ത് കൊറിയയുടെ സണ്‍ വാന്‍ ഹോയോട് തോറ്റ് പുറത്തായിരുന്നു.