രഞ്ജി ട്രോഫി; ചരിത്രം തിരുത്തി സൗരാഷ്ട്ര; സെമിയിൽ കേരളം- വിദർഭ, സൗരാഷ്ട്ര- കർണാടക പോരാട്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 11:00 PM  |  

Last Updated: 19th January 2019 11:00 PM  |   A+A-   |  

DxROOqsX4AEOEbt

 

ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രം തിരുത്തി സൗരാഷ്ട്രയുടെ സെമി പ്രവേശം. റെക്കോർഡ് നേട്ടത്തോടെ ക്വാർട്ടറിൽ ഉത്തർപ്രദേശിനെ തകർത്താണ് സൗരാഷ്ട്രയുടെ വിജയം. രണ്ടാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 372 റണ്‍സിന്റെ വിജയ ലക്ഷ്യം ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ സൗരാഷ്ട്ര മറികടന്നു.  

രഞ്ജി ചരിത്രത്തില്‍ നാലാം ഇന്നിങ്‌സില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോർഡാണ് സൗരാഷ്ട്ര സ്വന്തമാക്കിയത്. 2008-2009 സീസണില്‍ സര്‍വീസസ് ഉയര്‍ത്തിയ 371 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച അസമിന്റെ റെക്കോര്‍ഡാണ് സൗരാഷ്ട്ര പഴങ്കഥയാക്കിയത്. സ്‌കോര്‍: സൗരാഷ്ട്ര ഒന്നാം ഇന്നിങ്സ് 208, രണ്ടാം ഇന്നിങ്സ് 372/4, ഉത്തര്‍പ്രദേശ് ഒന്നാം ഇന്നിങ്സ് 385, രണ്ടാം ഇന്നിങ്സ് 194.

രണ്ടാം ഇന്നിങ്‌സില്‍ സൗരാഷ്ട്രയ്ക്കായി ഹാര്‍വിക് ദേശായി സെഞ്ച്വറി (116) നേടി. സ്‌നെല്‍ പട്ടേല്‍ 72 റണ്‍സെടുത്തു. 67 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും 73 റണ്‍സെടുത്ത ഷെല്‍ഡണ്‍ ജാക്‌സണും ചേര്‍ന്നാണ് സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചത്. 

സെമിയില്‍ കര്‍ണാടകയാണ് സൗരാഷ്ട്രയുടെ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ഉത്തരാഖണ്ഡിനെ ഇന്നിങ്‌സിനും 115 റണ്‍സിനും കീഴടക്കി നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയും സെമിയിലെത്തി. ഗുജറാത്തിനെ തോല്‍പ്പിച്ച് ആദ്യ രഞ്ജി സെമി ഫൈനല്‍ കളിക്കുന്ന കേരളത്തിന് വിദര്‍ഭയാണ് എതിരാളികൾ.