ഗോള്‍ 2019; നാലാം ചാംപ്യൻ പട്ടം തേടി കേരള വർമ്മ; കന്നി കിരീടത്തിനായി സെന്റ് ജോസഫ്സ് ദേവ​ഗിരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 05:22 AM  |  

Last Updated: 19th January 2019 05:22 AM  |   A+A-   |  

b13cbfbe-5dc8-428f-9889-f267cd2786b3

 

കൊച്ചി: നിലവിലെ ചാംപ്യൻമാരായ ശ്രീ കേരള വർമ്മ കോളജ് തൃശ്ശൂരും സെന്റ് ജോസഫ്സ് കോളജ് ദേവ​ഗിരി കോഴിക്കോടും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കോളജിയറ്റ് പോരാട്ടമായ ഗോള്‍ 2019 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിൽ. സെമി പോരാട്ടങ്ങളിൽ കേരള വർമ്മ മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്ക് നിർമല കോളജ് മൂവാറ്റുപുഴയെ പരാജയപ്പെടുത്തിയപ്പോൾ സെന്റ് ജോസഫ്സ് രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് സെന്റ് തോമസ് കോളജ് തൃശ്ശൂരിനെ വീഴ്ത്തി. 

നേരത്തെ മൂന്ന് തവണ കിരീടം സ്വന്തമാക്കിയിട്ടുള്ള കേരള വർമ്മ നാലാം കിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. സെന്റ് ജോസഫ്സ് തങ്ങളുടെ കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. കേരള വർമ്മ തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് എത്തുന്നത്.

കേരള വർമ്മ- നിർമല കോളജ് പോരാട്ടത്തിന്റെ ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. കളി പുരോ​ഗമിക്കവെ ആദ്യ പകുതിയിൽ നിർമല കോളജ് സമ്മർദ്ദം ചെലുത്തി കളി പുറത്തെടുത്തതോടെ കേരള വർമ്മയുടെ പ്രതിരോധത്തിന് പിടിപ്പത് പണിയായി. 

രണ്ടാം പകുതിയിലും നിർമല കോളജ് കളിയുടെ നിയന്ത്രണം വിട്ടില്ല. ആക്രമണം കെട്ടഴിച്ച അവർക്ക് പക്ഷേ വല ചലിപ്പിക്കാൻ സാധിച്ചില്ല. എന്നാൽ കളിക്ക് വിപരീതമായാണ് ​ഗോൾ പിറന്നത്. കൗണ്ടർ അറ്റാക്കിലൂടെ 65ാം മിനുട്ടിൽ ക്രിസ്റ്റി ഡേവിസ് കേരള വർമ്മയ്ക്ക് ലീഡ് സമ്മാനിച്ചു. പിന്നാലെ നിർമലയുടെ അക്ബർ അലി ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ അവർ പത്ത് പേരായി ചുരുങ്ങി. പിന്നീട് രോഹിത് കെഎസിലൂടെ രണ്ടാം ​ഗോളു വലയിലാക്കി കേരള വർമ്മ വിജയവും ഫൈനൽ ബർത്തും ഉറപ്പാക്കി. 

രണ്ടാം സെമിയിൽ കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ സെന്റ് തോമസിനെതിരെ ആധികാരിക പോരാട്ടമാണ് സെന്റ് ജോസഫ്സ് സ്വന്തമാക്കിയത്. തുടക്കത്തിൽ തന്നെ സെന്റ് ജോസഫ്സ് രണ്ട് ​ഗോളുകൾ വലയിലാക്കി ആധിപത്യം സ്ഥാപിച്ചു. ഷിബിൻ കെ ഹെ‍ഡ്ഡറിലൂടെ വല ചലിപ്പിച്ച് അവർക്ക് ലീഡ് സമ്മാനിച്ചു. തൊട്ടുപിന്നാലെ ഫിഷർലയിലൂടെ അവർ രണ്ടാം ​ഗോളും വലയിലാക്കി. രണ്ട് ​ഗോളുകൾ നേടിയിട്ടും ആക്രമണം തുടർന്ന സെന്റ് ജോസഫ്സ് അധികം താമസിയാതെ മൂന്നാം ​ഗോളും നേടി. ഷഹിൽ ടികെയാണ് മൂന്നാം ​ഗോൾ ടീമിന് സമ്മാനിച്ചത്. 

രണ്ടാം പകുതിയിൽ ശ്രീക്കുട്ടൻ, സജിത് എന്നിവരുടെ ​ഗോളിലൂടെ ലീഡ് കുറയ്ക്കാനും മത്സരത്തിലേക്ക് തിരിച്ച് വരാനും സെന്റ് തോമസിന് സാധിച്ചു. എന്നാൽ മുഹമ്മദ് ലാമിസിന്റെ ​ഗോളിലൂടെ സെന്റ് ജോസഫ്സ് വിജയവും കലാശപ്പോരിനുള്ള ടിക്കറ്റും ഉറപ്പാക്കി.