മികച്ചത് സച്ചിനോ, കോഹ് ലിയോ? ശ്രീശാന്ത് പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 10:18 AM  |  

Last Updated: 19th January 2019 10:18 AM  |   A+A-   |  

sreesanytj

മികച്ച ബാറ്റ്‌സ്മാന്‍ സച്ചിനോ കോഹ് ലിയോ എന്ന ചോദ്യത്തിന് കോഹ് ലിയെന്നായിരുന്നു വിവാദമായ ചാറ്റ് ഷോയില്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും, കെ.എല്‍.രാഹുലും പറഞ്ഞത്. പക്ഷേ ഹര്‍ദിക്കിന്റേയും രാഹുലിന്റേയും ആ അഭിപ്രായം അവര്‍ നടത്തിയ മറ്റ് വിവാദ പരാമര്‍ശങ്ങളില്‍പ്പെട്ട് മുങ്ങിപ്പോയി. ഇപ്പോള്‍ ശ്രീശാന്താണ് സച്ചിനാണോ, കോഹ് ലിയാണ് മികച്ചത് എന്നതിന് ഉത്തരം നല്‍കി എത്തുന്നത്. 

എല്ലാവരും മാസ്റ്റര്‍ ബ്ലാസ്റ്ററെ സച്ചിന്‍ ബായ് എന്നാണ് വിളിക്കാറ്. പക്ഷേ ഞാന്‍, എന്റെ മുതിര്‍ന്ന സഹോദരനായി കണ്ട് പാജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അത്രയും ആദരവ് അദ്ദേഹത്തോട് എനിക്കുണ്ട്. കോഹ് ലിയുടെ നേട്ടങ്ങളില്‍ അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ സച്ചിന് പകരമാകുവാനോ, അദ്ദേഹവുമായി താരതമ്യം ചെയ്യപ്പെടുവാനോ യോഗ്യരായ ഒരു താരവും അന്നും ഇന്നുമില്ലെന്നും ശ്രീശാന്ത് പറയുന്നു. 

ഇനി വരുന്ന ആയിരം തലമുറയ്ക്കും സച്ചിന്‍ ഒരു പ്രതീക്ഷ നല്‍കി മുന്നിലുണ്ടാവും. എന്നെപ്പോലുള്ള, ക്ലബ് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമെന്ന് പോലും വിശ്വസിച്ചിരുന്നില്ലാത്ത ക്രിക്കറ്റ് കളിക്കാര്‍ക്ക് സച്ചിന്‍ പ്രതീക്ഷ നല്‍കികൊണ്ടേയിരിക്കുമെന്ന് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ പറയുന്നു. നേട്ടങ്ങള്‍ ഓരോന്നായി കോഹ് ലി മറികടന്നുകൊണ്ടിരിക്കുമ്പോള്‍ സച്ചിനേക്കാള്‍ മികച്ച് നില്‍ക്കുന്നത്  കോഹ് ലിയാണോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. 

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പുറമേ, ഏകദിന പരമ്പരയുമായി ഇന്ത്യ മടങ്ങുമ്പോള്‍ ബാറ്റിങ്ങില്‍ കോഹ് ലിയില്‍ നിന്നും ശരാശരി പ്രകടനം മാത്രമാണുണ്ടായത്. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും കോഹ് ലിയില്‍ നിന്നുമുണ്ടായ നായകത്വത്തിലെ മികവാണ് ഏറെ പ്രശംസിക്കപ്പെടുന്നത്.