അട്ടിമറിയില്‍ വീണ് ആഞ്ചലിക് കെര്‍ബറും, ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 11:30 AM  |  

Last Updated: 20th January 2019 11:31 AM  |   A+A-   |  

kerb

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറികള്‍ തുടരുന്നു. വീനസ് വില്യംസിനും, മരിയ ഷറപ്പോവയ്ക്കും പിന്നാലെ മാര്‍ഗരറ്റ് കോര്‍ട്ടില്‍ അഞ്ചലിക് കെര്‍ബറിനും ഞെട്ടല്‍. 2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട താരം ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും നേരത്തെ മടങ്ങുന്നു. ഡാനിയല്‍ കൊളിന്‍സാണ് ആഞ്ചലിക് കെര്‍ബറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി ക്വാര്‍ട്ടര്‍ കാണിക്കാതെ പറഞ്ഞുവിട്ടത്. സ്‌കോര്‍ 6-0, 6-2.

അമേരിക്കയുടെ കൊളിന്‍സ് കഴിഞ്ഞ അഞ്ച് ഗ്രാന്‍ഡ് സ്ലാം കളിച്ചതില്‍ ഒരിക്കല്‍ പോലും ആദ്യ റൗണ്ട് പിന്നിട്ടിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എന്നും ഓര്‍ത്തുവയ്ക്കുവാനുള്ള ജയമാണ് മൂന്ന് വട്ടം ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ട കെര്‍ബറെ വീഴ്ത്തി താരം കോര്‍ട്ടില്‍ നെയ്‌തെടുത്തത്. അതിന് കൊളിന്‍സിന് വേണ്ടിവന്നത് 56 മിനിറ്റ് മാത്രം. 

നേരത്തെ, പ്രീക്വര്‍ട്ടറില്‍ ആഷ്‌ലി ബാര്‍ട്ടിയോട് പരാജയപ്പെട്ട് മരിയ ഷറപ്പോവയും മടങ്ങിയിരുന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഷറപ്പോവയ്ക്ക് കളി കൈവിടേണ്ടി വന്നത്. വീനസ് വില്യംസും പ്രീക്വാര്‍ട്ടറില്‍ വീണ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഒന്നാം സീഡായ സിമോണയാണ് രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവില്‍ വീനസിനെ വീഴ്ത്തിയത്.