അത് ചെപ്പോക്കല്ല, വാങ്കഡേയുമല്ല; ധോനിക്ക് മാത്രം ലഭിക്കുന്ന ഒന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 10:53 AM  |  

Last Updated: 20th January 2019 10:53 AM  |   A+A-   |  

dhoni54re

ഇന്ത്യയ്ക്ക് ഓസീസ് മണ്ണില്‍ 2-1ന് പരമ്പര നേടിത്തന്ന ധോനിയെ പുകഴ്ത്തി ഇനിയും ആരാധകര്‍ക്ക് മതിവന്നിട്ടില്ല. അതിനിടയില്‍ ക്രീസിലേക്ക് ബാറ്റിങ്ങിനായി ഇറങ്ങാന്‍ തുടങ്ങുന്ന ധോനിക്ക് വേണ്ടിയുള്ള കാണികളുടെ ആരവം തീര്‍ക്കലാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

മൂന്നാം ഏകദിനത്തില്‍ 59 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴായിരുന്നു നാലാമനായി ധോനി ക്രീസിലേക്ക് ഇറങ്ങിയത്. ഡ്രസിങ് റൂമില്‍ നിന്നും ക്രീസിലേക്ക് ധോനി ഇറങ്ങി വരുന്നത് വരെ വലിയ ആരവമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്ക് വേണ്ടി കാണികള്‍ ഒരുക്കിയത്. തനിക്ക് വേണ്ടി ആരവം തീര്‍ത്ത കാണികളെ ധോനി നിരാശപ്പെടുത്തിയുമില്ലല്ലോ...ഇന്ത്യയെ ജയിച്ചു കയറ്റിയാണ് ധോനി പിന്നെ പവലിയനിലേക്ക് മടങ്ങിയത്. 

114 പന്തില്‍ നിന്നും 87 റണ്‍സുമായിട്ടായിരുന്നു ധോനിയുടെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. ഓസീസിനെതിരായ ആദ്യ രണ്ട് ഏകദിനത്തിലും ധോനി അര്‍ധ ശതകം പിന്നിട്ടിരുന്നു. ഓസീസ് മണ്ണില്‍ മാന്‍ ഓഫ് ദി സീരീസ് ആവുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടവും, ഓസീസ് മണ്ണില്‍ ഏകദിനത്തില്‍ ആയിരം റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ഇതിനിടെ ധോനി നേടിയെടുത്തു.