കിരീടം നേടിയിട്ടേ അടങ്ങു; പത്ത് പേരായാലും മൂന്നടിച്ചാൽ നാല് തിരിച്ചടിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2019 05:30 AM |
Last Updated: 20th January 2019 05:30 AM | A+A A- |

ലണ്ടൻ: ലിവർപൂൾ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറല്ല. ക്രിസ്റ്റൽ പാലസിനെതിരെ ആൻഫീൽഡിൽ പത്ത് പേരായി ചുരുങ്ങിയിട്ടും 4-3ന് മത്സരം വിജയിച്ച് അവർ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. ഒരു ചുവപ്പ് കാർഡും മൂന്ന് ഗോളുകളും വഴങ്ങിയിട്ടും കരുത്തുറ്റ പോരാട്ട വീര്യമാണ് അവർ പുറത്തെടുത്തത്. ഈജിപ്ഷ്യൻ മാന്ത്രികൻ മുഹമ്മദ് സല ടീമിനായി ഇരട്ട ഗോളുകൾ വലയിലാക്കി.
ആദ്യ പകുതിയിൽ സാഹയുടെ പാസിൽ നിന്ന് ടൗൺസെന്റ് നേടിയ ഗോളിൽ ക്രിസ്റ്റൽ പാലസ് മുന്നിട്ട് നിന്നു. രണ്ടാം പകുതിയിൽ ആയിരുന്നു ലിവർപൂളിന്റെ നാല് ഗോളുകളും പിറന്നത്. 46ാം മിനുട്ടിൽ മുഹമ്മദ് സലയുടെ ഗോളിലൂടെ അവർ സമനില പിടിച്ചു. അധികം താമസിയാതെ ഫെർമീനോയിലൂടെ 53ാം മിനുട്ടിൽ ലീഡ്.
P A S S I O N pic.twitter.com/A0ZccOGxJy
— Liverpool FC (@LFC) January 19, 2019
65ാം മിനുട്ടിൽ ജെയിംസ് ടോംകിൻസിലൂടെ ക്രിസ്റ്റൽ പാലസ് തിരിച്ചടിച്ച് അവർ സമനില സ്വന്തമാക്കി. കോർണറിൽ നിന്ന് ടോംകിൻസ് ഹെഡ്ഡറിലൂടെയാണ് വല ചലിപ്പിച്ചത്. വീണ്ടും തുടരെ ആക്രമണങ്ങൾ നടത്തിയ ലിവർപൂളിന് ഭാഗ്യമായി 75ാം മിനുട്ടിൽ ഒരു ഗോൾ കീപ്പർ അബദ്ധം വന്നെത്തി. പാലസിന്റെ കീപ്പർക്ക് പിഴച്ചത് മുതലെടുത്ത് സല ലിവർപൂളിന് ലീഡ് തിരികെ നൽകി.
89ാം മിനുട്ടിൽ ലിവർപൂൾ ക്യാപ്റ്റൻ മിൽനർ രണ്ടാം മഞ്ഞ കാർഡ് വാങ്ങി കളം വിട്ടു. 10 പേരുമായി കളിച്ച ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനുട്ടിൽ ലിവർപൂൾ മാനെയുടെ ഗോളിൽ 4-2 എന്ന നിലയിൽ സ്കോർ എത്തിച്ചു. ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനുട്ടിൽ മെയറിലൂടെ 4-3 എന്ന് സ്കോർ ആക്കാൻ പാലസിനായെങ്കിലും ലിവർപൂളിന്റെ ജയം തടയാൻ അവർക്കായില്ല. ലീഗിൽ 60 പോയന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു.