ഗോള്‍ 2019; ഫൈനല്‍ പോരാട്ടം ഇന്ന്; കിരീടം നിലനിര്‍ത്താന്‍ കേരള വര്‍മ്മ; അട്ടിമറിക്കൊരുങ്ങി സെന്റ് ജോസഫ്‌സ്

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കോളജിയറ്റ് ഫുട്‌ബോള്‍ പോരാട്ടമായ ഗോള്‍ 2019ന്റെ ഫൈനല്‍ ഇന്ന്
ഗോള്‍ 2019; ഫൈനല്‍ പോരാട്ടം ഇന്ന്; കിരീടം നിലനിര്‍ത്താന്‍ കേരള വര്‍മ്മ; അട്ടിമറിക്കൊരുങ്ങി സെന്റ് ജോസഫ്‌സ്

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കോളജിയറ്റ് ഫുട്‌ബോള്‍ പോരാട്ടമായ ഗോള്‍ 2019ന്റെ ഫൈനല്‍ ഇന്ന്. കലാശപ്പോരില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീ കേരള വര്‍മ്മ കോളജ് തൃശ്ശൂരും സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരിയും തമ്മില്‍ ഏറ്റുമുട്ടും. സെമി പോരാട്ടങ്ങളില്‍ കേരള വര്‍മ്മ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിര്‍മല കോളജ് മൂവാറ്റുപുഴയെ പരാജയപ്പെടുത്തിയപ്പോള്‍ സെന്റ് ജോസഫ്‌സ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സെന്റ് തോമസ് കോളജ് തൃശ്ശൂരിനെ വീഴ്ത്തി. ഇന്ന് വൈകീട്ട് അഞ്ചിനാണ് ഫൈനല്‍ അരങ്ങേറുന്നത്. 

നിലവിലെ ചാംപ്യന്‍മാരായ കേരള വര്‍മ്മ കിരീടം നിലനിര്‍ത്താനായാണ് ഒരുങ്ങുന്നത്. നേരത്തെ മൂന്ന് തവണ ചാംപ്യന്‍മാരായിട്ടുള്ള കേരള വര്‍മ്മയുടെ ഫൈനല്‍ പ്രവേശം ആധികാരികമായിരുന്നു. അവരുടെ അഞ്ചാം ഫൈനല്‍ കൂടിയാണിത്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ സെന്റ് ജോസഫ്‌സ് കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ക്വാര്‍ട്ടറിനപ്പുറം പോകാന്‍ ഇതുവരെ കഴിയാതിരുന്ന സെന്റ് ജോസഫ്‌സ് ഇത്തവണ പക്ഷേ ഉജ്ജ്വല മുന്നേറ്റമാണ് നടത്തിയത്. 

സമീപ കാലത്ത് കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ സോണ്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് കടുത്ത പോരാട്ടത്തിനൊടുവില്‍ സെന്റ് ജോസഫ്‌സിനെ ടൈ ബ്രേക്കറില്‍ കീഴടക്കാന്‍ കേരള വര്‍മ്മയ്ക്ക് സാധിച്ചിരുന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യന്‍മാര്‍ ഇന്നിറങ്ങുന്നത്. 

ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ വീതം നേടിയ ക്രിസ്റ്റ് ഡേവിസ്, രോഹിത് കെഎസ് എന്നിവരുടെ മികവിലാണ് കേരള വര്‍മ്മയുടെ മുന്നേറ്റം. സെന്റ് ജോസഫ്‌സിനായി ഷഹില്‍ ടികെ, പ്രശാന്ത് കെ എന്നിവരും മൂന്ന് വീതം ഗോളുകള്‍ വലയിലാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com