ഇനി കീവികളെ പറപ്പിക്കാൻ ; ഇന്ത്യൻ ടീം ന്യൂസിലൻഡിൽ; ആദ്യമൽസരം ബുധനാഴ്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2019 12:50 PM |
Last Updated: 21st January 2019 02:22 PM | A+A A- |
ഓക്ലൻഡ്: ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച വിരാട് കോഹ് ലിയും സംഘവും വൻകര കീഴടക്കുക ലക്ഷ്യമിട്ട് ന്യൂസിലൻഡിലെത്തി. ഓക്ലൻഡ് വിമാനത്താവളത്തിൽ ഇറങ്ങിയ ടീമിനെ സ്വീകരിക്കാനായി ഇന്ത്യൻ ആരാധകർ തടിച്ചുകൂടി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും ഭാര്യ അനുഷ്കയെയും ആർപ്പുവിളികളോടെയാണ് ആരാധ്കർ സ്വീകരിച്ചത്.
അഞ്ച് ഏകദിനവും മൂന്ന് ട്വൻറി20 മത്സരങ്ങളുമാണ് ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യ കളിക്കുക. ആദ്യ ഏകദിനം ബുധനാഴ്ച നേപ്പിയറിൽ നടക്കും. ഏകദിന പരമ്പരയിലെ മറ്റു മത്സരങ്ങൾ ടൗരംഗ (ജനുവരി 26, 28), ഹാമിൽട്ടൺ (ജനുവരി 31), വെല്ലിങ്ടൺ (ഫെബ്രുവരി മൂന്ന്) എന്നിവിടങ്ങളിലായി നടക്കും.
വെല്ലിങ്ടൺ (ഫെബ്രുവരി ആറ്), ഓക്ലൻഡ് (ഫെബ്രുവരി എട്ട്), ഹാമിൽട്ടൺ എന്നീ നഗരങ്ങളാണ് ട്വൻറി20 പൂരത്തിന് ആതിഥേയത്വം വഹിക്കുക. ഏകദിന മത്സരങ്ങൾ രാവിലെ 7.30 മുതലും ട്വൻറി20 മത്സരങ്ങൾ ഉച്ചക്ക് 12.30നും തുടങ്ങും.
ഇന്ത്യയുമായി അവസാനം കളിച്ച രണ്ട് പരമ്പരകളിലും ന്യൂസീലന്‍ഡ് പരാജയപ്പെട്ടിരുന്നു. രണ്ടു തവണയും ഇന്ത്യയിലായിരുന്നു കളി. 2017-'18 സീസണില്‍ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1-ന് ജയിച്ചപ്പോള്‍ 2016-'17 സീസണില്‍ 3-2-നായിരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍, 2013-'14 സീസണില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ 4-1 ന് കിവികളോട് ഇന്ത്യ തോറ്റിരുന്നു.
ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്നും വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ ന്യൂസീലന്‍ഡിലും കളിക്കാനില്ല. ഭുവനേശ്വര്‍ കുമാര്‍, ഷമി, സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ശിറാജ് എന്നീ പേസര്‍മാരും യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരും ടീമിലുണ്ട്. ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും അരങ്ങേറ്റത്തിന് അവസരം കാത്ത് യുവ ബാറ്റ്സ്മാന്‍ ശുഭമാന്‍ ഗില്ലും ടീമിലുണ്ട്.
അതേസമയം ന്യൂസിലൻഡ് ടീമിനെ നിസാരരായി കാണരുതെന്ന് മുൻ ഇന്ത്യൻ താരവും മുൻ കോച്ചുമായ മദൻലാൽ കോഹ് ലിക്കും സംഘത്തിനും മുന്നറിയിപ്പ് നൽകി. പരിചയ സമ്പത്തും യുവത്വവും നിറഞ്ഞ സമതുലിതമായ ടീമാണ് കീവികളുടേത്. ബാറ്റിംഗ്,ബൗളിംഗ് ലൈനപ്പും കരുത്തുറ്റതാണ്. അതേസമയം ലോകകപ്പ് അടുത്ത വേളയിൽ ശക്തരായ എതിരാളികളെ നേരിടുന്നത് ഇന്ത്യൻ ടീമിന് മികച്ച പരിശീലനമാകുമെന്നും മദൻലാൽ പറഞ്ഞു.