ഗോള്‍ 2019: വീണ്ടും കിരീടത്തില്‍ മുത്തമിട്ട് കേരളവര്‍മ്മ കോളേജ് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st January 2019 08:49 AM  |  

Last Updated: 21st January 2019 08:49 AM  |   A+A-   |  

 

കൊച്ചി:  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ഇന്റര്‍ കോളേജിയറ്റ് ഫുട്‌ബോള്‍ പോരാട്ടമായ ഗോള്‍ 2019ല്‍ വീണ്ടും തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് കിരീടം ചൂടി. അത്യന്തം വാശിയേറിയ മത്സരത്തില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിനെയാണ് കേരളവര്‍മ്മ കോളേജ് പരാജയപ്പെടുത്തിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും 3-3ന് തുല്യത പാലിച്ച മത്സരത്തില്‍ ടൈ ബ്രേക്കറിലാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ടൈ ബ്രേക്കറില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് കേരള വര്‍മ്മ വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. ഗോളിന്റെ എട്ടു പതിപ്പുകളിലായി നാലുതവണയും കിരീടം ഉയര്‍ത്തിയത് കേരളവര്‍മ്മ കോളേജാണ്. അഞ്ചുതവണ ഫൈനലിലും ടീം മാറ്റുരച്ചു.

തുടക്കത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ നിന്നശേഷം സെന്റ് ജോസഫ്‌സ് കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഇജാസ്, ശ്രവാന്‍,പ്രശാന്ത് എന്നിവരാണ് സെന്റ് ജോസഫ്‌സിന് വേണ്ടി ഗോളുകള്‍ നേടിയത്. നേരത്തെ ജിതിന്‍, ക്രിസ്റ്റി ഡേവിസ് എന്നിവരുടെ ശ്രമഫലമായാണ് കേരളവര്‍മ്മ മുന്നിട്ടുനിന്നത്. 

24 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ എംപി, നടി മീരാ വാസുദേവ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.