മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അതീവ ​ഗുരുതരാവസ്ഥയിൽ ; ചികിൽസയ്ക്ക് പണമില്ലാതെ കുടുംബം; സഹായം തേടി സുഹൃത്തുക്കൾ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 21st January 2019 02:39 PM  |  

Last Updated: 21st January 2019 02:39 PM  |   A+A-   |  

 

മുംബൈ : വാഹനാപകടത്തില്‍ പരിക്കേറ്റ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിന്റെ നില അതീവ ​ഗുരുതരം. ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം വെന്റിലേറ്ററിലാണ്. മാര്‍ട്ടിന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഡിസംബർ 28 നാണ് താരത്തിന് വാഹനാപകടത്തിൽ ​പരിക്കേറ്റത്. 1999 മുതല്‍ രണ്ടു വര്‍ഷക്കാലം ജേക്കബ് മാർട്ടിൻ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. 

അതേസമയം ഗുരുതരമായി പരിക്കേറ്റ് വഡോദരയിലെ ആശുപത്രിയില്‍ കഴിയുന്ന ജേക്കബ് മാർട്ടിന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുകയാണ് കുടുംബം. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക ഇതിനോടകം തന്നെ 11 ലക്ഷം പിന്നിട്ടു കഴിഞ്ഞു. ഒരു ഘട്ടത്തില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതർ മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തി വച്ചു. പിന്നീട് ബിസിസിഐ ഇടപെട്ട ശേഷമാണ് ചികിത്സ പുനരാരംഭിച്ചത്. 

ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ ബിസിസിഐ ഉള്‍പ്പെടെയുള്ള സംഘടനകളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അടിയന്തിര ധനസഹായമായി ക്രിക്കറ്റ് ബോര്‍ഡ് 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. താരത്തിന്റെ ചികിൽസയ്ക്കായി സുഹൃത്തുക്കളും ക്രിക്കറ്റ് പ്രേമികളും ധനസമാഹരണത്തിനായി രംഗത്തുണ്ട്.

1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങള്‍ കളിച്ച താരമാണ് ജേക്കബ് മാർട്ടിൻ.  ആഭ്യന്തര മത്സരങ്ങളില്‍ റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. ബറോഡ ആദ്യമായി രഞ്ജി ട്രോഫി കിരീടം നേടിയത് ജേക്കബ് മാർട്ടിന്റെ നായകത്വത്തിലാണ്. 2000-2001 സീസണില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു ബറോഡ കിരീടം നേടിയത്.