ആഘോഷങ്ങൾ പിന്നെയാകാം ; കല്യാണവേഷത്തിൽ നിന്നും വരൻ നേരെ പന്തുകളിക്കാനിറങ്ങി ; സോഷ്യൽ മീഡിയയിൽ താരമായി റിദ്വാൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2019 11:41 AM  |  

Last Updated: 22nd January 2019 11:41 AM  |   A+A-   |  

 

മലപ്പുറം: ഫുട്ബോൾ ആരാധകരുടെ നാട് എന്ന വിശേഷണമാകും മലപ്പുറം എന്ന് കേൾക്കുമ്പോൾ നാം പെട്ടെന്ന് ഓർമ്മിക്കുക. ഈ അതിരുവിട്ട ആരാധനയുടെ ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. വിവാഹ ദിവസം വിവാഹആഘോഷങ്ങൾ പോലും ഉപേക്ഷിച്ച് നവവരൻ ഫുട്ബോൾ കളിക്കാനിറങ്ങി. യുവാവിന്റെ ഫുട്ബോൾ ജ്വരം മൂലം സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഇയാൾ. 

മലപ്പുറം കാളികാവ് സ്വദേശി റിദ്വാന്‍ ആണ് താരം. ഞായറാഴ്ച റിദ്വാന്റെ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് മണവാട്ടിക്കൊപ്പം ഇരിക്കേണ്ട സമയത്ത് റിദ്വാന്‍ നേരേ പോയത് സെവന്‍സ് കളിക്കാൻ. വൈകുന്നേരം വരെ പുതുമണവാളന്റെ വേഷത്തിലായിരുന്ന റിദ്വാന്‍, അതിനു ശേഷം ഫിഫ മഞ്ചേരിയുടെ ജഴ്‌സിയുമിട്ട് കളിക്കാനിറങ്ങുകയായിരുന്നു.

വിവാഹത്തിനെത്തിയ ഫിഫ മഞ്ചേരി മാനേജര്‍ വിവാഹാശംസകള്‍ക്കൊപ്പം റിദ്വാനോട് കളിക്കാനിറങ്ങുമോ എന്ന് ചോദിച്ചു. തൃശൂര്‍ ഉഷാ എഫ് സിക്ക് എതിരേ സെമി ഫൈനല്‍ മത്സരമുണ്ടായിരുന്നു അന്ന് ഫിഫ മഞ്ചേരിക്ക്. പിതാവ് സമ്മതിച്ചാല്‍ വരാമെന്നായിരുന്നു റിദ്വാന്‍റെ മറുപടി. പിതാവും നവവധുവും സമ്മതം നൽകിയതോടെ, പുതുമണവാളന്റെ വേഷമഴിച്ച്, ജേഴ്സിയണിഞ്ഞ് റിദ്വാന്‍ കളിക്കാനിറങ്ങി.

മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഉഷാ എഫ്.സി ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തിയെങ്കിലും കല്യാണ പന്തലില്‍ നിന്നും നേരെ ഫുട്ബോൾ ​ഗ്രൗണ്ടിലേക്കിറങ്ങിയ റിദ്വാന് സോഷ്യൽ മീഡിയ വഴി അഭിനന്ദന പ്രവാഹമാണ്.