കോടതിയിലെത്തിയത് കാമുകിയുടെ കൈയും പിടിച്ച്; 155 കോടി രൂപ പിഴയടച്ച് ക്രിസ്റ്റ്യാനോ; ആരാധകർക്ക് ഓട്ടോ​ഗ്രാഫ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd January 2019 09:20 PM  |  

Last Updated: 22nd January 2019 09:20 PM  |   A+A-   |  

cr

 

മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ കോടതി വിധിച്ച 155 കോടി രൂപ പിഴയടച്ച്‌ പോർച്ചു​ഗൽ നായകനും യുവന്റസ് സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്‌പെയ്‌നിലെ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്തുള്ള നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരം പിഴയടച്ചത്. പിഴയും 23 മാസത്തെ ജയിൽ ശിക്ഷയുമാണ് ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചത്. 

നികുതിവെട്ടിപ്പ് കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷ ഒഴിവാകും. എന്നാല്‍ സ്‌പെയിനില്‍ രണ്ട് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷയുള്ളവര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ല. ഈ സമയം പ്രൊബേഷന്‍ കാലാമായാണ് കണക്കാക്കുന്നത്. നേരത്തെ തയ്യാറാക്കി വച്ച കരാറില്‍ ഒപ്പിടാനുള്ള ജോലി മാത്രമേ ക്രിസ്റ്റ്യാനോയ്ക്കുണ്ടായിരുന്നുള്ളൂ. 15 മിനുട്ടോളം കോടതിയില്‍ ചെലവഴിച്ച് താരം മടങ്ങി. 

സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോര്‍ജിന റോഡ്രിഗസിനൊപ്പമാണ് ക്രിസ്റ്റ്യാനോ മാഡ്രിഡിലെ കോടതിയിലെത്തിയത്. ചിരിയോടെ കോടതിയില്‍ നിന്നിറങ്ങി വന്ന താരം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കാനും മറന്നില്ല. 

നേരത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജിയുമായി സംസാരിക്കാന്‍ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി സമ്മതിച്ചില്ല. മാധ്യമങ്ങൾക്ക് പിടിനൽകാതെ തന്റെ കറുത്ത വാനില്‍ തന്നെ കോടതി കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ക്രിസ്റ്റ്യാനോ സമ്മതം ചോദിച്ചെങ്കിലും അതിനും അനുവാദം നല്‍കിയില്ല.