ചെയ്തത് തെറ്റാണ്, മാപ്പ് പറയുന്നു, ശ്രീശാന്ത് എന്റെ സഹോദരൻ; കുറ്റ സമ്മതവുമായി ഹർഭജൻ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd January 2019 02:38 PM  |  

Last Updated: 22nd January 2019 02:38 PM  |   A+A-   |  

9009fa050155d2a07a45d88c54b0e968

 

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​​ഗിന്റെ ആദ്യ സീസണിൽ മലയാളി താരം ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ശ്രീശാന്ത് അന്ന് കിങ്സ് ഇലവൻ പ‍ഞ്ചാബ് താരവും ഹർഭജൻ മുംബൈ ഇന്ത്യൻസ് താരവുമായിരുന്നു. തല്ലിനെ കുറിച്ച് ശ്രീശാന്ത് പല വേദികളിൽ അഭിപ്രായം പറഞ്ഞെങ്കിലും കഴിഞ്ഞ 11 വർഷമായി ആ വിഷയത്തെ കുറിച്ച് ഭാജി കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ഇപ്പോൾ അന്നത്തെ സംഭവത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഹർഭജൻ. 

ശ്രീശാന്തിനെ തല്ലിയത് എന്റെ തെറ്റാണ് അങ്ങനെ സംഭവിക്കരുതായിരുന്നു, ഹർഭജൻ പറഞ്ഞു. ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളാണ്. അന്നത്തെ സംഭവം ഒഴിവാക്കേണ്ടതായിരുന്നു. അന്ന് ശ്രീശാന്തിനെ അടിച്ച കാര്യത്തിൽ വല്ലാത്ത കുറ്റബോധമുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു. തിരുത്താൻ ഒരവസരം ലഭിച്ചിരുന്നെങ്കിൽ ഉറപ്പായും അത് ചെയ്യുമായിരുന്നു. ശ്രീശാന്തിനോട് മാപ്പ്‌ ചോദിക്കുന്നു. അദ്ദേഹം നല്ല മനുഷ്യനാണ്. അദ്ദേഹത്തിനും ഭാര്യക്കും കുട്ടിക്കും എന്റെ എല്ലാവിധ ആശംസകളും. ആൾക്കാർ എന്ത് പറയുന്നു എന്നത് കാര്യമാക്കുന്നില്ല, ശ്രീശാന്ത് എന്റെ സഹോദരനാണ് - ഹർഭജൻ വ്യക്തമാക്കി. 

2008 ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബും, മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സര ശേഷമായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. മത്സര ശേഷം രോഷാകുലനായ ഹർഭജൻ ശ്രീശാന്തിനെ അടിക്കുകയായിരുന്നു. പിന്നീട് പഞ്ചാബ് ടീമിന്റെ ഡ്രസിങ് റൂമിൽ വച്ച് ഭാജി, ശ്രീശാന്തിനോട് മാപ്പ് പറഞ്ഞെങ്കിലും സംഭവം വലിയ വിവാദമായി മാറിയിരുന്നു.