വിരാട് കോഹ്ലി ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകൻ ; മികച്ച താരം ; ഋഷഭ് പന്ത് എമർജിം​ഗ് പ്ലെയർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2019 12:06 PM  |  

Last Updated: 22nd January 2019 12:27 PM  |   A+A-   |  

 

ദുബായ് : അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻെറ ഈ വർഷത്തെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ഐ സി സി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയെ തെരഞ്ഞെടുത്തു. യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് എമർജിം​ഗ് പ്ലെയർ ഓഫ് ദ ഇയർ. സ്പിരിറ്റ് ഓഫ് ക്രിക്കറ്റർ അവാർഡ് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ കരസ്ഥമാക്കി. ഒരു കലണ്ടർ വർഷത്തിലെ പ്രകടനത്തിൻെറ അടിസ്ഥാനത്തിലാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.

2018 ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ദാരി സോബേഴ്‌സ് ട്രോഫിയും വിരാട് കോഹ് ലി നേടി. മികച്ച ടെസ്റ്റ് ക്രിക്കറ്ററെന്ന പുരസ്‌കാരവും കോഹ്ലി നേടി. ഇതാദ്യമായാണ് കോഹ്ലി ടെസ്റ്റിലെ മികച്ച താരമെന്ന പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. സ്‌കോട്ട്‌ലന്‍ഡിന്റെ കല്ലം മക്ലോഡാണ് ഐസിസി അസോസിയേറ്റ് പ്ലെയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്. ശ്രീലങ്കയുടെ കുമാര ധര്‍മ്മസേനയാണ് ഐസിസി അംപയര്‍ ഓഫ് ദ ഇയര്‍. ട്വന്റി-20 യിലെ മികച്ച കളിക്കാനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് നേടി. ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന ലോകറെക്കോഡ് തകര്‍ത്ത പ്രകടനമാണ് ഫിഞ്ചിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
 

മുൻ താരങ്ങളും മാധ്യമപ്രവർത്തകരും ഉൾക്കൊള്ളുന്ന ഐ.സി.സി വോട്ടിങ് അക്കാദമിയാണ് വോട്ട് വഴി ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അക്കാദമിയിലെ അംഗങ്ങളിൽ ഭൂരിഭാഗം പേരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് കോഹ്ലിയെ ആണ് നാമനിർദേശം ചെയ്തത്. ഇന്ത്യ, ന്യൂസിലാൻഡ് ടീമുകളിലെ മൂന്നു താരങ്ങൾ ടെസ്റ്റ് ടീമിലുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളിലെ നാല് താരങ്ങൾ ഏകദിന ടീമിലെത്തി. 

13 ടെസ്റ്റുകളിൽ അഞ്ച് സെഞ്ചുറികളോടെ 55.20 ശരാശരിയിൽ 1,322 റൺസാണ് കോഹ്ലി കഴിഞ്ഞ വർഷം നേടിയത്. 14 ഏകദിന മത്സരങ്ങളിൽ  നിന്ന് ആറ് സെഞ്ച്വറികളുടെ ബലത്തിൽ 133.55 ശരാശരിയിൽ 1,202 റൺസും കോഹ്ലി കരസ്ഥമാക്കി.ഐസിസി റാങ്കിങ്ങിൽ മികച്ച ടെസ്റ്റ്, ഏകദിന ബാറ്റ്സ്മാനായാണ് കോഹ്ലി 2018 അവസാനിപ്പിച്ചത്. 

ഐ.സി.സി റാങ്കിങ്ങിൽ ടീം ഇന്ത്യ ടെസ്റ്റിൽ ഒന്നാമതും ഏകദിനത്തിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തുമുണ്ട്. ഇക്കാലത്തിനിടക്ക് ആറു ടെസ്റ്റുകൾ ജയിച്ച ഇന്ത്യ ഏഴെണ്ണത്തിൽ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നിവിടങ്ങളിലെ വിജയങ്ങൾ ഇതിൽ എടുത്തുപറയേണ്ടതാണ്. ഏകദിനത്തിൽ കോഹ്ലി ഒമ്പത് മത്സരങ്ങളിൽ  ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാല് തോൽവികളും ഒരു സമനിലയും ഇക്കാലത്തിനിടെ ഉണ്ടായി.

ഐസിസി ടെസ്റ്റ് ടീം 

1. ടോം ലതാം (ന്യൂസിലൻഡ്)
2. ദിമുത്ത് കരുണാകര (ശ്രീലങ്ക)
3. കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്)
4. വിരാട് കോഹ്ലി (ഇന്ത്യ) (ക്യാപ്റ്റൻ)
5. ഹെന്റി നിക്കോളസ് (ന്യൂസിലൻഡ്)
6. ഋഷഭ് പന്ത് (ഇന്ത്യ) (വിക്കറ്റ് കീപ്പർ)
7. ജേസൺ ഹോൾഡർ (വിൻഡീസ്)
8. കഗിസോ റബാഡ (ദക്ഷിണാഫ്രിക്ക)
9. നഥാൻ ലിയോൺ (ആസ്ട്രേലിയ)
10. ജസ്പ്രീത് ബുംറ (ഇന്ത്യ)
11. മുഹമ്മദ് അബ്ബാസ് (പാകിസ്താൻ)

ഐസിസി ഏകദിന ടീം (ബാറ്റിങ് ഓർഡർ ക്രമത്തിൽ)

1. രോഹിത് ശർമ്മ (ഇന്ത്യ)
2. ജോണി ബെയർസ്റ്റോ (ഇംഗ്ലണ്ട്)
3. വിരാട് കോഹ്ലി (ഇന്ത്യ) (ക്യാപ്റ്റൻ)
4. ജോ റൂട്ട് (ഇംഗ്ലണ്ട്)
5. റോസ് ടെയ്ലർ (ന്യൂസിലൻഡ്)
6. ജോസ് ബട്ട്ലർ (ഇംഗ്ലണ്ട്) ( വിക്കറ്റ് കീപ്പർ)
7. ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
8. മുസ്തഫിസുർറഹ്മാൻ (ബംഗ്ലാദേശ്)
9. റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ)
10. കുൽദീപ് യാദവ് (ഇന്ത്യ)
11. ജസ്പ്രീത് ബുംറ (ഇന്ത്യ)