കാര്യവട്ടത്ത് ഇം​ഗ്ലണ്ട് ലയൺസിനെ വീഴ്ത്തി ദ്രാവിഡിന്റെ സംഘം; ഇന്ത്യ എക്ക് തകർപ്പൻ ജയം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd January 2019 06:06 PM  |  

Last Updated: 23rd January 2019 06:06 PM  |   A+A-   |  

50496104_2244146185605571_4854818241538686976_n

 

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയൺസിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ ഇന്ത്യ എക്ക് ജയം. അജിൻക്യ രഹാനെയ്ക്കു കീഴിൽ ഇറങ്ങിയ ഇന്ത്യ എ മൂന്ന് വിക്കറ്റിനാണ് വിജയിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ലയൺസ് ഉയർത്തിയ 287 റൺസ് വിജയ ലക്ഷ്യം അഞ്ച‌് പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ എ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ എ 1–0നു മുന്നിലെത്തി.

അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രഹാനെ (87 പന്തിൽ 59), ഇഷാൻ കിഷൻ (48 പന്തിൽ പുറത്താകാതെ 57) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. അവസാന ഓവർ വരെ ക്രീസിൽനിന്ന് അർധസെഞ്ചുറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷനാണ് കളിയിലെ കേമൻ. വ്യക്തിപരമായ പ്രകടനങ്ങളേക്കാൾ ടീമെന്ന നിലയിൽ കാഴ്ചവച്ച പോരാട്ടമാണ് രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ ഇറങ്ങിയ ഇന്ത്യ എയ്ക്ക് വിജയം സമ്മാനിച്ചത്.

ഓപണിങ് വിക്കറ്റിൽ അജിങ്ക്യ രഹാനെ – അൻമോൽപ്രീത് സിങ് സഖ്യവും (66), രണ്ടാം വിക്കറ്റിൽ രഹാനെ–ശ്രേയസ് അയ്യർ സഖ്യവും (73), അഞ്ചാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യ–ഇഷാൻ കിഷൻ സഖ്യവും (60) ഇന്ത്യയ്ക്കായി അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്തു. അൻമോൽപ്രീത് സിങ് (45 പന്തിൽ 33), ശ്രേയസ് അയ്യർ (52 പന്തിൽ 45), ഹനുമ വിഹാരി (18 പന്തിൽ 16), ക്രുണാൽ പാണ്ഡ്യ (25 പന്തിൽ 29), അക്സർ പട്ടേൽ (14 പന്തിൽ 18) എന്നിവരും വിജയത്തിലേക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനായി സാക് ചാപ്പൽ മൂന്നും ലൂയിസ് ഗ്രിഗറി, ഡാനി ബ്രിഗ്സ് എന്നിവർ രണ്ടുി വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ലയൺസ്, നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 285 റൺസെടുത്തത്. ഉജ്വല സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സാം ബില്ലിങ്സിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ട് ലയൺസിന് മികച്ച സ്കോർ സമ്മാനിച്ചത്. 104 പന്തുകൾ നേരിട്ട ബില്ലിങ്സ്, അഞ്ച് ബൗണ്ടറിയും നാല് സിക്സും സഹിതം 108 റൺസെടുത്ത് പുറത്താകാതെ നിന്നു. സാം ബില്ലിങ്സിന്റെ സെഞ്ച്വറിക്കു പുറമെ ഓപണർ അലക്സ് ഡേവിസിന്റെ അർധ സെഞ്ച്വറി (54)യും ഇംഗ്ലണ്ടിനു കരുത്തായി. ഇന്ത്യ എയ്ക്കായി സിദ്ധാർഥ് കൗൾ മൂന്നും മായങ്ക് മർക്കണ്ഡെ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷാർദുൽ താക്കൂർ ഒരു വിക്കറ്റ് സ്വന്തമാക്കി.