ലാറയേയും മറികടന്ന് കോഹ് ലി; ഏകദിനത്തിലെ റണ്‍ വേട്ടക്കാരില്‍ അവസാന പത്തിലെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2019 03:23 PM  |  

Last Updated: 23rd January 2019 03:23 PM  |   A+A-   |  

viratkohli230119

ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലെത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഐസിസിയുടെ ഏകദിന, ടെസ്റ്റ് താരവും, ക്രിക്കറ്റര്‍ ഓഫ് ദി ഇയറും ആയതിന് തൊട്ടടുത്ത ദിവസമാണ് മറ്റൊരു നേട്ടം കൂടി കോഹ് ലി സ്വന്തമാക്കുന്നത്. 

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ലാറയെ പിന്നിലേക്ക് മാറ്റിയാണ് കോഹ് ലി റണ്‍ വേട്ടക്കാരില്‍ അവസാന പത്തില്‍ ഇടം പിടിക്കുന്നത്. ലാറ 299 ഏകദിനങ്ങളില്‍ നിന്നും 10405 റണ്‍സ് നേടിയപ്പോള്‍ കോഹ് ലിക്ക് അത്രയും റണ്‍സ് വാരിക്കൂട്ടാന്‍ വേണ്ടി വന്നത് 220 ഏകദിനങ്ങളാണ്. 10430 റണ്‍സാണ് നേപ്പിയര്‍ ഏകദിനം കഴിഞ്ഞതോടെ കോഹ് ലിയുടെ സമ്പാദ്യം. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 16ാം ഓവറില്‍ ബൗണ്ടറി പറത്തിയാണ് കോഹ് ലി ലാറയെ പിന്നിലേക്ക് മാറ്റിയത്.
60ന് മുകളിലാണ് കോഹ് ലിയുടെ ബാറ്റിങ് ശരാശരി. പതിനായിറം റണ്‍സ് ക്ലബിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയും കോഹ് ലിയുടേത് തന്നെ. 

344 ഏകദിനങ്ങളില്‍ നിന്നും 10889 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡാണ് കോഹ് ലിക്ക് മുന്നില്‍ ഇനിയുള്ളത്. ദ്രാവിഡിന് മുന്നില്‍ 11,221 റണ്‍സുമായി ഗാംഗുലിയും. ഇവിടെ 18,426 റണ്‍സുമായിട്ടാണ് സച്ചിന്‍ ഒന്നാമത് നില്‍ക്കുന്നത്. 2015 മുതല്‍ റണ്‍ മെഷിനാണ് കോഹ് ലി. 39 സെഞ്ചുറികള്‍ അക്കൗണ്ടിലാക്കി സച്ചിന്റെ 49 സെഞ്ചുറികള്‍ മറികടക്കുവാനുള്ള കുതിപ്പിലാണ് കോഹ് ലി ഇപ്പോള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ഇടയില്‍ കോഹ് ലി 12 സെഞ്ചുറികളാണ് നേടിയത്. 2017ലും 18ലും ടോപ് റണ്‍ സ്‌കോററും കോഹ് ലിയായിരുന്നു.