കംഗാരുക്കളെ വീഴ്ത്തിയതിന് പിന്നാലെ കീവീസിനേയും പറത്തുന്നു; ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

കരുതലോടെ റണ്‍സ് കണ്ടെത്തി മുന്നോട്ടു പോയി ശിഖര്‍ ധവാനാണ് വലിയ പരിക്കേല്‍ക്കാതെ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്
കംഗാരുക്കളെ വീഴ്ത്തിയതിന് പിന്നാലെ കീവീസിനേയും പറത്തുന്നു; ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

നാല് വര്‍ഷം മുന്‍പ് നാണം കെട്ട് ന്യൂസീലാന്‍ഡില്‍ നിന്നും മടങ്ങിയതിന്റെ കണക്ക് തീര്‍ത്ത് തന്നെ ഇത്തവണ കോഹ് ലിയും സംഘവും തുടങ്ങി. നേപ്പിയര്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ന്യൂസിലാന്‍ഡ് മുന്നില്‍ വെച്ച 158 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 34.5 ഓവറില്‍മറികടന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് ആധിപത്യം ഉറപ്പിച്ചു. ഇത് പത്ത് വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യ അവരെ തോല്‍പ്പിക്കുന്നത്. 

കരുതലോടെ റണ്‍സ് കണ്ടെത്തി മുന്നോട്ടു പോയി ശിഖര്‍ ധവാനാണ് വലിയ പരിക്കേല്‍ക്കാതെ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. ധവാന്‍ 103 പന്തില്‍ നിന്നും ആറ് ഫോറുകളോടെ 75 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. 
ഉച്ചഭക്ഷണത്തിന് പിന്നാലെ രോഹിത് ശര്‍മ പതിനൊന്ന് റണ്‍സില്‍ നില്‍ക്കെ മടങ്ങിയിരുന്നു.  ബ്രാസ്വെല്ലായിരുന്നു രോഹിത്തിനെ ഫസ്റ്റ് സ്ലിപ്പില്‍ ഗുപ്തിലിന്റെ കൈകളിലെത്തിച്ചത്. ഇതിനിടെ വെളിച്ചക്കൂടുതല്‍ കളി മുടക്കി എത്തുകയും ചെയ്തു. രാത്രി ഏഴ് മണി പിന്നിട്ടിട്ടും അസ്തമിക്കാതെ നിന്നിരുന്ന സൂര്യന്‍ ബാറ്റ്‌സമാന്റെ കണ്ണിന് നേര്‍ക്ക് വന്നതോടെ കളി മുന്നോട്ടു കൊണ്ടുപോകുവാനായില്ല. 

അര മണിക്കൂറിലധികം സമയം കളി മുടങ്ങിയിരുന്നു. ഒരു ഓവര്‍ വെട്ടിക്കുറച്ച് കളി പുനരാരംഭിച്ചതിന് ശേഷം കോഹ് ലിയും ധവാനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോയി. ഒടുവില്‍ 45 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലിയെ ഫെര്‍ഗൂസവന്‍, ലാതമിന്റെ കൈകളിലെത്തിച്ചു. അപ്പോഴേക്കും ഇന്ത്യ ജയത്തോട് അടുത്തിരുന്നു. 94 റണ്‍സാണ് ധവാനും കോഹ് ലിയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ടോസ് ഭാഗ്യം വില്യംസന് ഒപ്പം നിന്നുവെങ്കിലും അതിന്റെ ഒരു ആനുകൂല്യവും ആതിഥേയര്‍ക്ക് ലഭിച്ചില്ല. ഇത്ര വേഗത്തില്‍ തന്റെ ബാറ്റിങ് നിര തകര്‍ന്നടിയുമെന്ന് വില്യംസന്‍ കണക്കു കൂട്ടിയിരുന്നില്ലെന്ന് വ്യക്തം. ചെറിയ ടോട്ടലുകള്‍ പോലും പ്രതിരോധിക്കുന്നതിലെ മികവ് നേപ്പിയറില്‍ പുറത്തെടുക്കാന്‍ കീവീസ് നായകനായില്ല. 

ഓസ്‌ട്രേലിയയെ തറപറ്റിച്ച് എത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ കീവീസ് ബാറ്റ്‌സ്മാരെ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറ്റി. കുല്‍ദീപും, ചഹലും ഒരുമിച്ചിറങ്ങിയാല്‍ എത്രമാത്രം അപകടകരമാകും അതെന്ന് വ്യക്തമാവുകയായിരുന്നു ആദ്യ ഏകദിനത്തില്‍ തന്നെ. ലോക കപ്പിന് മുന്നൊരുക്കം എന്ന നിലയില്‍ ടീമുകള്‍ കളിയെ വിലയിരുത്തുമ്പോള്‍ വമ്പന്മാര്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കുകയാണ് കുല്‍ദീപും ചഹലും. ഇക്കൂട്ടത്തിലേക്ക് ഭൂമ്ര കൂടി എത്തുന്നതോടെ ഏത് വമ്പന്‍ ബാറ്റിങ് നിരയെ പിടിച്ചു കുലുക്കുവാനും ഇന്ത്യയ്ക്കാകും. 

നേപ്പിയറില്‍ കുല്‍ദീപും ചഹലും ചേര്‍ന്ന് ആറ് വിക്കറ്റാണ് വിഴ്ത്തിയത്. ലോക കപ്പ് ടീമില്‍ ഉറപ്പിക്കുന്ന കളി ഓസ്‌ട്രേലിയന്‍ മണ്ണിലും ഇപ്പോള്‍ ന്യൂസിലാന്‍ഡിലും ഷമി പുറത്തെടുക്കുന്നു. ഓപ്പണര്‍മാരെ മടക്കി കീവീസ് ഇന്നിങ്‌സ് തകര്‍ത്തു തുടങ്ങിയത് ഷമിയായിരുന്നു. ന്യൂസിലാന്‍ഡ് ഇന്നിങ്‌സില്‍ വില്യംസണ്‍ മാത്രമാണ് ചെറുത്ത് നിന്നത്. 

81 ബോളില്‍ നിന്നും വില്യംസണ്‍ ഏഴ് ഫോറിന്റെ അകമ്പടിയോടെ 64 റണ്‍സ് നേടി. കീവീസ് ബാറ്റിങ് നിരയില്‍ അഞ്ച് ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കടന്നത്. അതില്‍ 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത് വില്യംസണും റോസ് ടെയ്‌ലറും മാത്രം. ലങ്കയ്‌ക്കെതിരെ ടെയ്‌ലര്‍ ഉള്‍പ്പെടെയുള്ള ബാറ്റ്‌സമാന്‍മാര്‍ മികച്ച കളി പുറത്തെടുത്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ ലാതമും, സാന്‍ത്‌നര്‍ ഉള്‍പ്പെടെ ഉള്ളവരെ തിരികെ വിളിച്ച് ടീമിനെ ശക്തിപ്പെടുത്തിയുമായിരുന്നു കീവീസ് ഇറങ്ങിയത്. പക്ഷേ ഇന്ത്യന്‍ ബൗളിങ് നിര ആ നീക്കങ്ങളെയെല്ലാം നിഷ്പ്രഭമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com