കോഹ്‌ലിക്ക് വിശ്രമം; കിവികൾക്കെതിരെ അവസാന രണ്ട് ഏകദിനവും ടി20 പരമ്പരയും കളിക്കില്ല; നയിക്കാൻ ഹിറ്റ്മാൻ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd January 2019 09:39 PM  |  

Last Updated: 23rd January 2019 09:39 PM  |   A+A-   |  

Virat-Kohli-Rohit-Sharma

 

മുംബൈ: ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ടി20 പരമ്പരയിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കില്ല. നാകന് ബിസിസിഐ വിശ്രമം അനുവദിച്ചു. കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായി കളിക്കുന്നതിനാലാണ് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചതെന്നും കോഹ്‌ലിക്ക് പകരം മറ്റൊരാളെ ടീമിലെടുക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. 

നേരത്തെ ഓസീസ് പര്യടനത്തിന് മുൻപ് വിന്‍ഡീസിനെതിരായ ടി20 പരമ്പയില്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പിലും കോഹ്‌ലി കളിച്ചിരുന്നില്ല. 

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് ഏകദിനങ്ങളാണുള്ളത്. ആ​ദ്യ പോരാട്ടത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. ഇനിയുള്ള നാല് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ കോഹ്‌ലി കളിക്കും. പിന്നീടുള്ള രണ്ട് ഏകദിനങ്ങളില്‍ പുറത്തിരിക്കും. ഒപ്പം ന്യൂസീലന്‍ഡിനെതിരായ മൂന്ന് ടി20യിലും കോഹ്‌ലി കളിക്കില്ല. 

ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം ഓസ്‌ട്രേലിയ ഇന്ത്യയില്‍ പരമ്പരയ്‌ക്കെത്തും. ഈ പരമ്പരയില്‍ കോഹ്‌ലി ടീമിൽ മടങ്ങിയെത്തും. ഫെബ്രുവരി 24ന് തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളാണുള്ളത്.