പിഎസ്ജി കളിക്കാരെ വേര്‍തിരിച്ചത് നാല് വംശങ്ങളായി; ആറ് വര്‍ഷം തുടര്‍ന്ന വംശീയ വിവേചനത്തിനെതിരെ നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2019 12:46 PM  |  

Last Updated: 23rd January 2019 12:46 PM  |   A+A-   |  

psg

വംശീയാടിസ്ഥാനത്തില്‍ ടീമിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതിന് ലീഗ് വണ്‍ ചാമ്പ്യന്മാരായ പിഎസ്ജിക്കെതിരെ നടപടി. എട്ട് കോടി രൂപയ്ക്കടുത്ത് പിഴയടക്കുവാനാണ് പിഎസ്ജിയോട് ഫ്രഞ്ച് ലീഗ് നിര്‍ദേശിച്ചത്. 2013-18 കാലയളവില്‍ കളിക്കാരെ ടീമിലേക്കെടുക്കുന്നതിന് വംശീയത ഘടകമാക്കിയെന്നാണ് കണ്ടെത്തിയത്. 

ഈ കാലയളവില്‍ ടീമിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ പിഎസ്ജിയുടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താണ് ഫ്രഞ്ച് ലീഗിലെ ഡിസിപ്ലിനറി കമ്മിഷന്റെ നടപടി. എത്തിനിക് രജിസ്‌ട്രേഷന്‍ സിസ്റ്റം എന്ന നിലയില്‍ പിഎസ്ജിയില്‍ വിഭാഗമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നാല് വിഭാഗങ്ങളായി കളിക്കാരുടെ വംശം തിരിക്കുകയായിരുന്നു പിഎസ്ജി. 

ഫ്രഞ്ച്, നോര്‍ത്ത് ആഫ്രിക്കന്‍, വെസ്റ്റ് ഇന്ത്യന്‍(ആന്റിലയ്‌സ്), ബ്ലാക്ക് അഫ്രിക്കന്‍ എന്നിങ്ങനെയായിരുന്നു തരം തിരിക്കല്‍. റിക്രൂട്ട്‌മെന്റിനായി എത്തുന്ന കളിക്കാരുടെ വംശം ഇങ്ങനെ പിഎസ്ജി രേഖപ്പെടുത്തിപ്പോന്നു. വ്യക്തികളുടെ വംശീയത ചോദ്യം ചെയ്യുന്നത് ഫ്രഞ്ച് നിയമപ്രകാരം തെറ്റാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബരില്‍ വംശീയത തിരിച്ചുള്ള സെലക്ഷനെതിരെ പിഎസ്ജി ഉടമകള്‍ നിലപാടെടുത്തു. ഇത്തരമൊരു രീതി പിഎസ്ജിയില്‍ തുടരുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നായിരുന്നു ഉടമകളുടെ നിലപാട്. 2013 മുതല്‍ 2018 വരെ ഈ രീതി തുടര്‍ന്നു.