സൂര്യന്റെ കളി മറികടക്കാന്‍ കീവീസുകാരുടെ തന്ത്രം ഇതാണ്, പക്ഷേ നേപ്പിയറില്‍ ആ പ്ലാന്‍ പൊളിഞ്ഞു

2014ല്‍ ബാറ്റ് ചെയ്യാന്‍ നില്‍ക്കെ സൂര്യന്‍ എന്റെ കണ്ണിന് നേര്‍ക്ക് വന്നിട്ടുണ്ട്. എന്നാല്‍ കളി നിര്‍ത്തിവയ്ക്കുക എന്നൊന്ന് അവിടെ ഉണ്ടായില്ല
സൂര്യന്റെ കളി മറികടക്കാന്‍ കീവീസുകാരുടെ തന്ത്രം ഇതാണ്, പക്ഷേ നേപ്പിയറില്‍ ആ പ്ലാന്‍ പൊളിഞ്ഞു

ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിനം കണ്ടിരുന്നവര്‍ ആദ്യമൊന്ന് ഞെട്ടിയിട്ടുണ്ടാവും. മഴയില്ല, നല്ല വെളിച്ചവുമുണ്ട്. കളി നിര്‍ത്തി വയ്ക്കുന്നത് എന്തിനെന്ന ആരുമൊന്ന ആദ്യം സംശയിച്ചു പോകും. ഇനി പിച്ചിന് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചതാണോയെന്ന് ചിന്ത പോലും കടന്നു വന്നിട്ടുണ്ടാകും. സൂര്യപ്രകാശം ബാറ്റ്‌സ്മാന്റെ കണ്ണിലേക്ക് അടിക്കുന്നതാണ് അവിടെ വിഷയം എന്ന് മനസിലായെങ്കില്‍ പോലും അത് വിശ്വസിക്കാന്‍ ആദ്യമൊന്ന് മടിക്കുമെന്ന ഉറപ്പ്. രാത്രി ഏഴ് മണി കഴിഞ്ഞിട്ടും സൂര്യന്‍ ഉദിച്ച് നില്‍ക്കുന്ന ന്യൂസിലാന്‍ഡിലാണ് നമ്മള്‍ കളിക്കാനെത്തിയത് എന്ന്‌ അപ്പോഴാവും പലരും ഓര്‍ത്തത്. 

തന്റെ ജീവിതത്തില്‍ സൂര്യന്‍ കളി മുടക്കുന്ന സാഹചര്യം അഭിമുഖീകരിക്കുന്നത് ആദ്യമായിട്ടാണെന്ന് ഇന്ത്യന്‍ നായകന്‍ കോഹ് ലിയും പറയുന്നു. 2014ല്‍ ബാറ്റ് ചെയ്യാന്‍ നില്‍ക്കെ സൂര്യന്‍ എന്റെ കണ്ണിന് നേര്‍ക്ക് വന്നിട്ടുണ്ട്. എന്നാല്‍ കളി നിര്‍ത്തിവയ്ക്കുക എന്നൊന്ന് അവിടെ ഉണ്ടായില്ലെന്നും മത്സരത്തിന് ശേഷം കോഹ് ലി പറഞ്ഞു. 158 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് ശേഷം ഇറങ്ങിയപ്പോഴായിരുന്നു സൂര്യന്റെ കളി. 

കളിക്കാരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് കളി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് അമ്പയര്‍മാര്‍ പറയുന്നത്. കത്തുന്ന സൂര്യന്‍ കളിക്കാരുടെ കണ്ണിന് നേരെയായിരുന്നു. കളിക്കാര്‍ക്ക് ഇതിനെ കുറിച്ച് ബോധ്യവുമുണ്ടായിരുന്നു. എന്നാല്‍ അവരത് ചൂണ്ടി തങ്ങളുടെ പക്കലെത്തിയില്ലെന്നും അമ്പയര്‍മാര്‍ വ്യക്തമാക്കി. ഇതേ കാരണത്താല്‍ ന്യൂസിലാന്‍ഡില്‍ സൂപ്പര്‍ സ്മാഷില്‍ ഉള്‍പ്പെടെ മത്സരങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിട്ടുണ്ട് മുന്‍പ്. 

ഇംഗ്ലണ്ടിലെ ചില ഗ്രൗണ്ടുകളിലും സൂര്യന്‍ വില്ലനായി എത്തിയിട്ടുണ്ട്. എന്നാലതതൊന്നും രാജ്യാന്തര മത്സരത്തിനിടയില്‍ ആയിട്ടില്ല. ന്യൂസിലാന്‍ഡില്‍ സൂര്യന്റെ ഈ കളിയില്‍ നിന്നും രക്ഷ നേടുക ലക്ഷ്യമിട്ടാണ് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത് പോലുമെന്ന് കീവീസ് ബാറ്റ്‌സമാന്‍ റോസ് ടെയ്‌ലര്‍ പറയുന്നു. വടക്ക്-തെക്ക് ദിശയിലാവും സ്‌റ്റേഡിയം ഒരുക്കുക ഇവിടെ. എന്നാല്‍ നേപ്പിയറില്‍ സ്റ്റേഡിയം കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതാണ് പ്രശ്‌നം തീര്‍ത്തതെന്നും ടെയ്‌ലര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com