കീവിസിനെ പറത്തി ഇന്ത്യന്‍ വനിതകളും, നേപ്പിയറില്‍ ഒന്‍പത് വിക്കറ്റ് ജയം, മന്ദാനയ്ക്ക് സെഞ്ചുറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 12:47 PM  |  

Last Updated: 24th January 2019 12:50 PM  |   A+A-   |  

mandhana

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ സംഘത്തിനും തകര്‍പ്പന്‍ ജയം. 48 ഓവറില്‍ കീവീസിനെ 192 റണ്‍സില്‍ ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ 33 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു. സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയെ അനായസ ജയത്തിലേക്ക് എത്തിച്ചത്. 

104 പന്തില്‍ നിന്നും 9 ഫോറിന്റേയും നാല് സിക്‌സിന്റേയും അകമ്പടിയോടെയായിരുന്നു മന്ദാനയുടെ കളി. മന്ദാനയ്‌ക്കൊപ്പം 81 റണ്‍സ് എടുത്ത ജെമീമയും നിന്നതോടെ ഒരര്‍ഥത്തിലും ഇന്ത്യന്‍ സംഘത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ കീവീസിനായില്ല. ഓപ്പണര്‍മാര്‍ തന്നെ ഇന്ത്യയുടെ വിജയ ലക്ഷ്യം മറികടക്കുമെന്ന് തോന്നിച്ചുവെങ്കിലും വിജയത്തിന് തൊട്ടരികില്‍ വെച്ച് മന്ദാനയ്ക്ക് മടങ്ങേണ്ടി വന്നു. 

ടോസ് നേടിയ ഇന്ത്യ കീവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പൂനം യാദവും, എക്ത ബിഷ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ രണ്ട് വിക്കറ്റും, ശിഖ ഒരു വിക്കറ്റും പിഴുതു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കിയുമാണ് കീവീസ് സ്‌കോര്‍ 200 കടക്കുന്നതില്‍ നിന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ തടഞ്ഞത്. 

ട്വന്റി20 ലോക കപ്പിന് ശേഷം ഇന്ത്യ ആദ്യം കളിക്കുന്ന പരമ്പരയാണ് ഇത്. പുതിയ പരിശീലകന്‍ ഡബ്ല്യുവി രാമന് കീഴില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങുവാനും ഇന്ത്യന്‍ വനിതാ സംഘത്തിനായി.