രഞ്ജിയില്‍ വിദര്‍ഭ പിടിമുറുക്കുന്നു; ആദ്യ സെഷനുകളില്‍ തന്നെ കേരളത്തിന് നിരാശ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2019 03:03 PM |
Last Updated: 24th January 2019 03:03 PM | A+A A- |
രഞ്ജി ട്രോഫി സെമിയില്‍ ആദ്യ ദിനം തന്നെ കേരളത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ വിദര്‍ഭ നില ശക്തിപ്പെടുത്തുന്നു. ഒന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ അവര്‍ക്കിനി വേണ്ടത് 12 റണ്‍സ്.
റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ബേസില്‍ തമ്പി പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ ക്വാര്‍ട്ടറിലെ കേരളത്തിന്റെ ഹീറോയ്ക്ക് ആയിട്ടില്ല. വിദര്‍ഭയുടെ സ്‌കോര്‍ 33 റണ്‍സില്‍ എത്തി നില്‍ക്കെ നിഥീഷ് രാമസ്വാമിയെ മടക്കിയതല്ലാതെ മറ്റൊന്നും ആദ്യ ദിനം കേരളത്തിന് നേട്ടമായിട്ടില്ല.
40 റണ്‍സോടെ ഫസലും, 22 റണ്‍സോടെ വസീം ജാഫറുമാണ് ഇപ്പോള്‍ ക്രീസില്‍. രാവിലെ മഞ്ഞ് മൂടിയ പിച്ചില്‍ നിന്നും ലഭിച്ച ആനുകൂല്യങ്ങളെല്ലാം മുതലാക്കിയായിരുന്നു ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ വിദര്‍ഭ തകര്‍ത്തിട്ടത്. ടോസ് ജയിക്കുന്ന ടീമിനാകും ആധിപത്യം ലഭിക്കുകയെന്ന് വ്യക്തമായിരുന്നു.
നൂറ് റണ്‍സ് കടക്കാന്‍ പാടുപെട്ട കേരളത്തിന് മുന്നില്‍ വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാല്‍ കേരളത്തിന്റെ സാധ്യതകളെല്ലാം മങ്ങും. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോമില്‍ പന്തെറിഞ്ഞ ബേസില്‍ തമ്പി്കും, സന്ദീപിനും വിദര്‍ഭയെ ഒന്നാം ഇന്നിങ്‌സില്‍ വിറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സാവകാശം ഇന്നിങ്‌സ് കെട്ടിപ്പടുത്താണ് വിദര്‍ഭയുടെ കളി. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ വില്ലനായവര്‍ ഈ സീസണില്‍ സെമിയില്‍ കേരളത്തിന്റെ വഴി മുടക്കുന്നതിന്റെ സൂചനയാണ് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നിന്നും വരുന്നത്.