രഞ്ജി ട്രോഫി സെമി; കേരളം 106ന് പുറത്ത്, ഉമേഷ് യാദവിന് ഏഴ് വിക്കറ്റ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 12:18 PM  |  

Last Updated: 24th January 2019 12:24 PM  |   A+A-   |  

ranjief

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 106 റണ്‍സിന് പുറത്ത്. ഏഴ് വിക്കറ്റുകള്‍ പിഴുത് ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്. 37 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 

ക്വാര്‍ട്ടര്‍ ഫൈനലിലെ മികവ് സെമിയിലും ഉമേഷ് യാദവ് പുറത്തെടുത്തപ്പോള്‍ 28 ഓവര്‍ മാത്രം മതിയായിരുന്നു കേരളത്തെ ചുരുട്ടികെട്ടാന്‍ വിദര്‍ഭയ്ക്ക്. സ്വിങ്ങും ബൗണ്‍സും പ്രയോജനപ്പെടുത്തി അതേ നാണയത്തില്‍ വിദര്‍ഭയ്‌ക്കെതിരെ തിരിച്ചടിക്കാനായാല്‍ കേരളത്തിന് കളിയിലേക്ക് തിരികെ വരാം. ബേസില്‍ തമ്പിയിലും, നിഥീഷിലും, സന്ദീപിലുമാണ് ഇനി കേരളത്തിന്റെ പ്രതീക്ഷകള്‍. എന്നാല്‍ ടൂര്‍ണമെന്റിലെ ശക്തമായ ബാറ്റിങ് നിരയാണ് വിദര്‍ഭയുടേത്. 

മുഹമ്മദ് അസ്ഹറുദ്ദീനെ മടക്കിയായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിനുള്ള  ഉമേഷ് യാദവിന്റെ ആദ്യ പ്രഹരം. മൂന്നാമത്തെ ഓവറില്‍ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ ഒന്‍പത് റണ്‍സ് ആയപ്പോഴേക്കും അസ്ഹറുദ്ദീന്‍ മടങ്ങി. പിന്നാലെ അക്കൗണ്ട്  തുറക്കാന്‍ അനുവദിക്കാതെ സിജിമോന്‍ ജോസഫിനേയും ഉമേഷ് മടക്കി. കൂട്ടുകെട്ടുകള്‍ തീര്‍ക്കാന്‍ അവസരം നല്‍കാതെ ഉമേഷ് യാദവും ഗുര്‍ഭാനിയും ചേര്‍ന്ന് കേരളത്തെ വരിഞ്ഞു മുറുക്കുകയായിരുന്നു. പത്താം വിക്കറ്റില്‍ വിഷ്ണു വിനോദും, നിതീഷും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 25 റണ്‍സാണ് കേരള ഇന്നിങ്‌സിലെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്.