രഞ്ജി ട്രോഫി സെമി; കേരളത്തെ എറിഞ്ഞിട്ട് ഉമേഷ് യാദവ്, ഏഴ് വിക്കറ്റ് വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 11:27 AM  |  

Last Updated: 24th January 2019 11:27 AM  |   A+A-   |  

kerala_ranji

കേരളം പേടിച്ചിരുന്നത് തന്നെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ആദ്യ ദിനം കണ്ടു. സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ ബാറ്റിങ് നിര ഉമേഷ് യാദവ് നേതൃത്വം നല്‍കിയ ബൗളിങ് നിരയ്ക്ക് മുന്നില്‍ പൊരുതുവാന്‍ പോലുമാവാതെ വീണു.

ഒന്നാം ഇന്നിങ്സില്‍ 16 ഓവര്‍ പിന്നിട്ട് 47 റണ്‍സ് എടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഇതില്‍ നാലും പിഴുതത് ഉമേഷ് യാദവാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്‍പത് വിക്കറ്റ് വീഴ്ത്തി എത്തിയ ഉമേഷ് സെമിയിലും ആ ഫോം നിലനിര്‍ത്തുന്നു. 

നായകന്‍ സച്ചിന്‍ ബേബി മാത്രമാണ് ഇതുവരെ സ്‌കോര്‍ ബോര്‍ഡില്‍ 
രണ്ടക്കം കടന്നിരിക്കുന്നത്. 22 റണ്‍സ് എടുത്ത സച്ചിനെ ഗുര്‍ബാനി മടക്കി. സഞ്ജു സാംസണിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ അരുണും പരാജയപ്പെട്ടു. സക്‌സേന പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ കേരളത്തിന് സ്‌കോര്‍ ബോര്‍ഡ് നൂറ് കടക്കാമെന്നായിരുന്നു കേരളം ഒരു ഘട്ടത്തില്‍ പ്രതീക്ഷ വെച്ചത്. എന്നാല്‍ സക്‌സേനയേയും ഉമേഷ് മടക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ പല കളികളിലും സക്‌സേന ബാറ്റുകൊണ്ട് കേരളത്തെ രക്ഷിച്ചിരുന്നു. 

കേരളത്തിന്റെ ബാറ്റിങ് നിരയില്‍ ഒരു പാര്‍ട്ണര്‍ഷിപ്പ് പോലും ഇതുവരെ 20 കടന്നിട്ടില്ല. കേരളത്തിന്റെ സ്‌കോര്‍ബോര്‍ഡ് 49ലേക്ക് എത്തിയപ്പോള്‍ അതില്‍ 36 റണ്‍സും വന്നത് ബൗണ്ടറിയില്‍ നിന്നുമാണ്. വിക്കറ്റ് തുടരെ വീഴുമ്പോഴും, ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്തുകയെന്ന നയമാണ് ക്വാര്‍ട്ടറിന് പിന്നാലെ സെമിയിലും കേരളം സ്വീകരിക്കുന്നത്.