വംശീയാധിക്ഷേപം; മാപ്പ് പറഞ്ഞ് പാക് നായകൻ; കാത്തിരിക്കുന്നത് വിലക്കടക്കമുള്ള കടുത്ത നടപടികൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 04:41 PM  |  

Last Updated: 24th January 2019 05:08 PM  |   A+A-   |  

aas

 

ജൊഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കൻ താരം ഫെലുക്വാവോക്കെതിരെ വംശീയാധിക്ഷേപം നടത്തിയ പാക്കിസ്ഥാൻ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പരസ്യമായി മാപ്പ് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സർഫ്രാസ് വംശീയമായി അധിക്ഷേപിച്ചത്. താരത്തിന്റെ വാക്കുകൾ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് വിവാദമായത്. ട്വിറ്ററിലൂടെയാണ് സര്‍ഫ്രാസിന്റെ മാപ്പപേക്ഷ.

സര്‍ഫ്രാസിനെതിരെ ഐസിസി അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാപ്പ് അപേക്ഷയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ഐസിസി സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നത്. പാക് നായകന് വിലക്ക് ലഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ആരെയെങ്കിലും അധിക്ഷേപിക്കാന്‍ ആയിരുന്നില്ല തന്റെ വാക്കുകളെന്നാണ് സര്‍ഫ്രസ് പറയുന്നു. വാക്കുകള്‍ എതിരാളികള്‍ക്കോ അവരുടെ ആരാധകര്‍ക്കോ മനസിലാവുമെന്ന് പോലും താന്‍ കരുതിയില്ലെന്നും എതിരാളികളെ ആദരിച്ചും ബഹുമാനിച്ചും മാത്രമെ മുന്നോട്ടു പോവു എന്നും സര്‍ഫ്രാസ് വ്യക്തമാക്കി. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. ഫെലുക്വാവോ ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റിന് പിന്നില്‍ നിന്ന് സര്‍ഫ്രാസ് ഉര്‍ദു ഭാഷയില്‍ അധിക്ഷേപിക്കുകയായിരുന്നു. 

അതേസമയം സംഭവത്തില്‍ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കിയത്. ആദ്യ ഏകദിനം പാക്കിസ്ഥാന്‍ ജയിച്ചിരുന്നു. രണ്ടാം മത്സരം ജയിച്ച ആതിഥേയര്‍ പരമ്പരയില്‍ 1-1ന് ഒപ്പം നിൽക്കുകയാണ്.