സൂര്യപ്രകാശത്തെയൊക്കെ നേരിടാന്‍ കളിക്കാര്‍ക്ക് സാധിക്കണം, കളി നിര്‍ത്തിവെച്ചതിനെതിരെ നേപ്പിയര്‍ ഭരണകൂടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 11:04 AM  |  

Last Updated: 24th January 2019 11:04 AM  |   A+A-   |  

kohlidhawan

അമിത സൂര്യപ്രകാശത്തേയും ചൂടിനേയുമെല്ലാം അതിജീവിക്കാന്‍ ശ്രമിക്കുവാന്‍ ഇന്ത്യന്‍, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരങ്ങളോട് നേപ്പിയര്‍ ഭരണകൂടം. പുറത്ത് കളിക്കുന്നവരാണ് അവര്‍. കണ്ണില്‍ ഒരല്‍പ്പം സൂര്യപ്രകാശം കൊണ്ടാല്‍ അത് കളിയുടെ ഭാഗമായി വേണം കരുതുവാന്‍ എന്നാണ് നേപ്പിയര്‍ സിറ്റി മേയര്‍ ബില്‍ ഡാല്‍റ്റന്‍ പറഞ്ഞത്. 

ഇന്ത്യ- ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തില്‍ സൂര്യപ്രകാശം കാരണം കളി നിര്‍ത്തിവയ്‌ക്കേണ്ട യാതൊരു  സാഹചര്യവും ഉണ്ടായില്ലെന്നാണ് നേപ്പിയര്‍ ഭരണകൂടത്തിന്റെ നിലപാട്. ഔട്ട്‌ഡോര്‍ കളിയാണ് ക്രിക്കറ്റ്. സൂര്യപ്രകാശം, ചൂട് പോലുള്ളവയെ അതിജീവിക്കാന്‍ കളിക്കാര്‍ തയ്യാറായിരിക്കണം. അവിടെ കളി നിര്‍ത്തി വെച്ചത് വിചിത്രമായിട്ടാണ് തനിക്ക് തോന്നിയതെന്നും നേപ്പിയര്‍ സിറ്റി മേയര്‍ പറഞ്ഞു. 

കളിക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കളി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു അമ്പയര്‍മാര്‍ പറഞ്ഞത്. സൂര്യനെ മാറ്റാനും, കളിക്കളം മാറ്റാനും നമുക്കാവില്ലല്ലോ. കാത്തിരിക്കുക എന്നത് മാത്രമാണ് അവിടെ നമുക്ക് ചെയ്യാനായത് എന്നാണ് കീവീസ് നായകന്‍ കെയിന്‍ വില്യംസന്‍ പറഞ്ഞത്. കിഴക്ക് നിന്നും പടിഞ്ഞാറേക്ക് ദിശ തിരിഞ്ഞാണ് നേപ്പിയര്‍ സ്റ്റേഡിയം. ന്യൂസിലാന്‍ഡിലെ പ്രത്യേക കാലാവസ്ഥ പരിഗണിച്ച് തെക്ക്-വടക്കായിട്ടാണ് സ്റ്റേഡിയങ്ങളുടെ ദിശ ഒരുക്കാറ്.