അതേ കാലില്‍, അതേയിടത്ത് നെയ്മര്‍ക്ക് വീണ്ടും പരിക്ക്; പരിക്ക് ചോദിച്ചു വാങ്ങുന്നതെന്ന് എതിര്‍ താരങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 12:10 PM  |  

Last Updated: 24th January 2019 12:10 PM  |   A+A-   |  

neymar

പരിക്ക് വീണ്ടും പിഎസ്ജി താരം നെയ്മര്‍ക്ക് മുന്നില്‍ വില്ലനാവുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള പിഎസ്ജിയുടെ കളി നെയ്മര്‍ക്ക് നഷ്ടമായേക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഫ്രഞ്ച് കപ്പില്‍ ട്രാസ്ബര്‍ഗിനെതിരായ കളിക്കിടെ നെയ്മറുടെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. 

കഴിഞ്ഞ സീസണില്‍ ലോക കപ്പില്‍ കളിക്കുന്നതിലുള്‍പ്പെടെ ഭീഷണി തീര്‍ത്ത്‌
പരിക്ക് പറ്റിയ അതേ കാലില്‍ അതേ ഇടത്ത് തന്നെയാണ് നെയ്മര്‍ക്ക് ഇപ്പോള്‍ പരിക്കേറ്റിരിക്കുന്നതെന്ന് പിഎസ്ജി വ്യക്തമാക്കി. പരിക്ക് പറ്റിയ നെയ്മര്‍ കരഞ്ഞു കൊണ്ടായിരുന്നു ഇന്നലെ കളിക്കളം വിട്ടത്. എന്നാല്‍ ഇതുപോലെ നെയ്മര്‍ കളിച്ചാല്‍ ചില തട്ടലും മുട്ടലുമെല്ലാം ഏല്‍ക്കുമെന്നായിരുന്നു സ്ട്രാബെര്‍ഗ് താരങ്ങളുടെ പ്രതികരണം. 

വലിയ ചലഞ്ച് അവിടെ നെയ്മര്‍ക്ക് നേരെയുണ്ടായില്ല. എന്നിട്ടും നെയ്മര്‍ വീണു. നെയ്മറുടെ കളി ശൈലി അതാണ്. പക്ഷേ അതുപോലെ കളിച്ചിട്ട് ചില തട്ടലും മുട്ടലും ലഭിക്കുമ്പോള്‍ പരാതി പറയരുത്. നെയ്മറെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ നെയ്മറുടെ തമാശയ്ക്ക് വേണ്ടിയല്ല ഞങ്ങളിവിടെ കളിക്കാന്‍ എത്തിയിരിക്കുന്നതെന്നാണ് സ്ട്രാസ്ബര്‍ഗിന്റെ മധ്യനിര താരം ഗോണ്‍ഗ്ലേവ്‌സ് പ്രതികരിച്ചത്. 

ഫെബ്രുവരി 12നാണ് ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനാറിലെ ആദ്യ പാദ പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും പിഎസ്ജിയും ഏറ്റുമുട്ടുക. നിലവില്‍ മധ്യനിര താരം വെറാട്ടിയുടെ പരിക്ക് പിഎസ്ജിയെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ സീസണിലും പരിക്കിനെ തുടര്‍ന്ന് സീസണിലെ പ്രധാന മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമായിരുന്നു.