ഒരു റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വിദര്‍ഭ; പേസര്‍മാരിലൂടെ തിരിച്ചടിക്ക് കോപ്പുകൂട്ടി കേരളം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 05:39 PM  |  

Last Updated: 24th January 2019 05:39 PM  |   A+A-   |  

Faiz-Fazal


കല്‍പ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ സെമിയില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് ലീഡ്. ഒന്നാ ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിൽ പൊരുതുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 106 റണ്‍സില്‍ അവസാനിപ്പിക്കാന്‍ വിദര്‍ഭയ്ക്ക് സാധിച്ചു. അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കെ വിദര്‍ഭയ്ക്ക് 65 റണ്‍സ് ലീഡ്.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ വിദര്‍ഭയ്ക്കായി ക്യാപ്റ്റന്‍ ഫസല്‍ 75 റണ്‍സെടുത്തു. വെറ്ററന്‍ താരം വസിം ജാഫര്‍ 34 റണ്‍സുമായി മടങ്ങി. കളി നിര്‍ത്തുമ്പോള്‍ സര്‍വതെയാണ് ക്രീസില്‍. 

രണ്ടിന് 113 എന്ന നിലയിലായിരുന്നു വിദര്‍ഭ. എന്നാല്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ തുടരെ വീണത് അവര്‍ക്ക് തിരിച്ചടിയായി. 170ല്‍ വച്ച് മൂന്നാം വിക്കറ്റും 171ല്‍ വച്ച് നാല്, അഞ്ച് വിക്കറ്റുകളുമാണ് നഷ്ടമായത്. കേരളത്തിനായി പേസര്‍മാരായ സന്ദീപ് വാര്യര്‍, എംഡി നിധീഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബേസില്‍ തമ്പി ഒരു വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 106 റണ്‍സിന് പുറത്താവുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ പിഴുത ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്. 37 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 

ക്വാര്‍ട്ടര്‍ ഫൈനലിലെ മികവ് സെമിയിലും ഉമേഷ് യാദവ് പുറത്തെടുത്തപ്പോള്‍ 28 ഓവര്‍ മാത്രം മതിയായിരുന്നു കേരളത്തെ ചുരുട്ടികെട്ടാന്‍ വിദര്‍ഭയ്ക്ക്. 

മുഹമ്മദ് അസ്ഹറുദ്ദീനെ മടക്കിയായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിനുള്ള ഉമേഷ് യാദവിന്റെ ആദ്യ പ്രഹരം. മൂന്നാമത്തെ ഓവറില്‍ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ ഒന്‍പത് റണ്‍സ് ആയപ്പോഴേക്കും അസ്ഹറുദ്ദീന്‍ മടങ്ങി. പിന്നാലെ അക്കൗണ്ട്  തുറക്കാന്‍ അനുവദിക്കാതെ സിജോമോന്‍ ജോസഫിനേയും ഉമേഷ് മടക്കി. കൂട്ടുകെട്ടുകള്‍ തീര്‍ക്കാന്‍ അവസരം നല്‍കാതെ ഉമേഷ് യാദവും ഗുര്‍ബാനിയും ചേര്‍ന്ന് കേരളത്തെ വരിഞ്ഞു മുറുക്കുകയായിരുന്നു. പത്താം വിക്കറ്റില്‍ വിഷ്ണു വിനോദും, നിതീഷും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 25 റണ്‍സാണ് കേരള ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്.